എട്ടുകാലി

എട്ടുകാലിയുടെ കാലുകള്‍ തല്ലിയൊടിക്കും വരെ വല നെയ്യുന്നതായിരിക്കും..

21 March 2012

14. ദെന്തൂട്ട് തേങ്ങ്യാഷ്ടാ..?

ഓര്‍ക്കാപ്പുറത്ത് കയ്യാലക്കപ്പുറത്ത്
വീണത് തേങ്ങ്യോ തെങ്ങോ..?
രാമപ്പനന്താക്ഷരി അക്ഷരം തെറ്റി..

കോമപ്പനുര ചെയ്തതൊരു മറുചോദ്യം
ദെന്തൂട്ട് തേങ്ങ്യാഷ്ടാ..?

ചുക്കിലി ചുണ്ണാമ്പ് ചുടുകല്ല്..
കടുവാ ചിലന്തിക്കൂട്ടില്‍ നിന്നും
കാലണയ്ക്ക് വകയില്ലാ അസ്ഥികൂടമോ..

ദെന്തൂട്ട് തേങ്ങ്യാഷ്ടാ..?

അങ്ങനെ അനോണിക്ക് എതിരെ
സനോണി ഷണ്മുഖന്‍ ആയുധം പേറി
ശുംഭര്‍തന്‍ തിണ്ണനിരങ്ങി പോകുമെന്നുവാച:

ദെന്തൂട്ട് തേങ്ങ്യാഷ്ടാ..?

ആരാന്റെ പറമ്പിലെ തേങ്ങ
ഈജിപ്ഷ്യന്‍ പറമ്പിലെ മമ്മി
പ്രാന്തെടുത്താല്‍ തേങ്ങ പെറുക്കി
തെങ്ങിലേക്കെറിയാം
മമ്മീന്റെ ചെവിക്കുറ്റീല്‍ ചെമ്പരത്തി തിരുകാം

തെങ്ങിന്‍ പട്ട (ചാരായമല്ല)
ചൂലു നെയ്യാം
പിടിയുള്ള നീല ബക്കറ്റ്
കീടനാശിനി കലക്കാം

മൂഞ്ഞ, തണ്ടുതുരപ്പന്‍
ഇലചുരുട്ടി, കൂമ്പ് വാട്ടി..
എല്ലാത്തിലും തളിക്കണം
വേരോടെ കരിക്കണം കീടനാശിനിയാല്‍..

അല്ലെങ്കില്‍ വേണ്ട
മാര്‍ക്കറ്റിലിപ്പോള്‍ വളിച്ച കീടനാശിനി മാത്രമേയുള്ളൂ

കീടനാശിനീം വളിക്കുമോ,
ദെന്തൂട്ട് തേങ്ങ്യാഷ്ടാ..?

അനക്കും അന്ന് മയ്യത്തായ
ഈജിപ്ഷ്യന്‍ മമ്മിക്കും പെരാന്താണോ?

അല്ല പിന്നെ,
ദെന്തൂട്ട് തേങ്ങ്യാഷ്ടാ?

++++++++++++++++++++++++
*ചിത്രം google-ല്‍ നിന്നും കടമെടുത്തത്.
++++++++++++++++++++++++

14 March 2012

13. ബ്ലോഗ് വായനയും അപകടങ്ങളും

കട്ടന്‍ ചായയും മത്തിക്കറിയും എന്ന പോലെ തോന്നുന്നുണ്ട് പോസ്റ്റ് ഹെഡിംഗ് എട്ടുകാലിക്കും. എന്താ ചെയ്യുക, കാലം മാറി കഥ മാറി.

‘സോഷ്യല്‍-നേരംപോക്ക് സൈറ്റു’കളില്‍ നിന്നുള്ള പരസ്പരം ചളിവാരിയെറിയലിലെ മനം തികട്ടലാണ് എട്ടുകാലിയെന്ന അനോണി ബ്ലോഗിന്റെ ഉദയം. രാമപ്പനും കോമപ്പനും പലപ്പോഴും എട്ടുകാലിയുടെ മനസ്സാകുന്നു, ചിലപ്പോള്‍ ബ്ലോഗിലെ ചില എഴുത്തുകാരായും പരിണമിക്കുന്നു. ഈ രണ്ട് കഥാപാത്രങ്ങള്‍ക്ക് കടപ്പാട് ബ്ലോഗ് തന്നെയാണ്. അതിനു നിങ്ങളോരോരുത്തര്‍ക്കും എട്ടുകാലി കടപ്പെട്ടിരിക്കുന്നു. (പ്ലീസ് കടം വീട്ടാന്‍ പറയരുത്.. കടപ്പാടെങ്കിലും ബാക്കിയിരിക്കട്ടെ, അങ്ങനെയെങ്കിലും പരസ്പരം ഓര്‍ക്കാം നമുക്ക്)

ഈയിടെ റോഡപകടങ്ങളില്‍ പലതും നടന്നത് വാഹനപ്പെരുപ്പം കാരണമല്ല, വേറെയെന്താണെന്നത് ചിന്താവിഷയമാണ്. പത്രവായനയെന്ന അസുഖം ഉള്ളതിനാല്‍, അടുത്ത കാലത്ത് നടന്ന പല അപകടങ്ങളും ഉണ്ടായത് രാത്രികാലങ്ങളിലോ അല്ലെങ്കില്‍ പുലര്‍ കാലങ്ങളിലോ ആണ് എന്നതാണ് വായിക്കാന്‍ കഴിഞ്ഞത്.

നാട്ടിന്‍പുറങ്ങളിലെ ഓര്‍മ്മകളിലേക്ക് തിരിയുമ്പോള്‍, പത്രശേഖരണാര്‍ത്ഥം പുലര്‍ച്ചയ്ക്ക് പോയ ഒരു സുഹൃത്തിന്റെ മരണം ഓര്‍മ്മ വരുന്നുണ്ട്.

പുലര്‍വേളയിലെ ഉറക്കം മനുഷ്യന് പ്രധാനമാണെന്ന് തോന്നുന്നു. ആഴത്തിലുള്ള നിദ്ര ലഭിക്കുന്നത് ഇളം തണുപ്പുള്ള പുലര്‍ച്ചയില്‍ തന്നെ. മുകളിലോര്‍ത്ത സുഹൃത്തിനെ മരണം കവര്‍ന്നതും ഈ ഉറക്കമായിരുന്നു. അതൊരു പക്ഷേ തലേന്നുള്ള ഏതോ കല്യാണരാത്രിയുടെ ക്ഷീണമാകാം, അല്ലെങ്കില്‍ ഏതെങ്കിലും ഉത്സവത്തിന്റെ ഉറക്കക്ഷീണമാകാം..

ഉറക്കമിളച്ചിരിക്കാന്‍ ഇന്ന് ഇതൊന്നും ഒരു കാരണമല്ല. കല്യാണവും കച്ചേരിയും ഇന്ന് ഇന്‍സ്റ്റന്റായ് മാറിയിരിക്കുന്നു. പക്ഷേ പഴയ കാലത്തിനേക്കാള്‍ റോഡപകടങ്ങള്‍ക്ക് കുറവൊന്നുമില്ലെന്ന് ഈ കഴിഞ്ഞ ദിവസങ്ങളിലെ പത്രങ്ങളിലൂടെ കണ്ണോടിച്ചവര്‍ക്ക് മനസ്സിലാകും.

ഈ അവസരത്തില്‍ എട്ടുകാലിയുടെ നിരീക്ഷണം;


എന്തൊക്കെയാണ് എട്ടുകാലിയുടെ ഉറക്കക്ഷീണത്തിന് കാരണം? അക്കമിട്ട് നിരത്താം അതില്‍ ചിലത്-

01. വിവാദബ്ലോഗ് പോസ്റ്റുകള്‍ വായിച്ച് കമന്റ് സബ്സ്ക്രൈബ് ചെയ്ത് അവ വായിച്ച് ചിരിക്കുക, ചിലത് വായിച്ച് കരയുക. ബ്ലോഗുലകം പഴയ ബ്രിട്ടീഷ് സാമ്ര്യാജ്യമായതിനാല്‍ എട്ടുകാലിക്കും ഉറക്കം നന്നെ കുറവ്.

02. സോഷ്യല്‍ സൈറ്റ് റിഫ്രെഷ് ബട്ടണമര്‍ത്തി പുതുകമന്റുകള്‍ക്ക് ലൈക്ക് അടിച്ച് പണ്ടാരമടങ്ങുക.

03. വിവാദ പോസ്റ്റിനുള്ള മറുപടിബ്ലോഗുകള്‍ വായിച്ച് ‘മിഴുങ്ങസ്യാന്ന്’ ഇരിക്കുക, എന്തേ ഇമ്മാതിരി എഴുത്തൊന്നും എട്ടുകാലിയുടെ തലയില്‍ ഉദിക്കാത്തതെന്നോര്‍ത്ത് തല ചൊറിയുക.

04. സി.ബി.ഐ. ഡയറിക്കുറിപ്പ് സീരീസ് ചിത്രത്തിനുള്ള ത്രെഡ് ബ്ലോഗിലൂടെ കിട്ടുമോ എന്ന് ഗവേഷണം നടത്തുക..

മൊത്തത്തില്‍ ആകെ കണ്‍ഫ്യൂഷനാണ്, ഉറങ്ങണോ വേണ്ടയോ എന്ന്..

എന്തായാലും ഒന്ന് പറയാം, എട്ടുകാലിക്ക് മുച്ചക്ര ഓട്ടോ പോയിട്ട് ഒരു സൈക്കിള്‍ പോലുമില്ല. ആയതിനാലും ഡ്രൈവിംഗ് അറിയാത്തതിനാലും ഉറങ്ങിപ്പോകുമെന്ന പേടി ഇല്ല, മാത്രമല്ല എട്ടുകാലിയുടെ ഓഫീസിലേക്ക് പത്ത് മിനുട്ട് നടത്തദൂരമേയുള്ളൂ എന്നതിനാലും എട്ടുകാലി ഒന്നുറപ്പിച്ചു..

ഉറക്കമിളയ്ക്കുക തന്നെ!

++++++++++++++++++++++++
*ചിത്രം google-ല്‍ നിന്നും കടമെടുത്തത്.
**വൈകാരികത ഈ പോസ്റ്റില്‍ തീരെ ഇല്ല.
++++++++++++++++++++++++

05 March 2012

12. പ്രൊമോഷന്‍ കുമാര്‍*

കോമപ്പന്‍ :- “അളിയോ, ഇന്നെന്താണ് സ്പെഷ്യല്..?”

രാമപ്പന്‍ :- “കാര്യോണ്ടിഷ്ടാ, അപ്പനപ്പൂപ്പന്മാര് തൊട്ട് മ്മ്ല് ഹെറാള്‍ഡ് മുതല് ഇങ്ങേയറ്റം കടമറ്റത്ത് പേപ്പറ് വരെ വായിച്ച് തെറ്റ് തിരുത്തീര്‍ന്നതാ, അറിയോ തനിക്ക്, ങെ..?”

കോമപ്പന്‍ :- “തള്ളേ, തലേലേ കിളി പോയോ അണ്ണാ..”

രാമപ്പന്‍ :- “കോപ്പ്, എഡോ മൂപ്പിലേ, ബ്ലോഗിലെ ഇഞ്ചാദികളെല്ലാം മ്മ്ലോട് ചോയ്ച്ച് തെറ്റ് തിരുത്തുന്ന കാലം മാറീ, ഒറ്റൊരുത്തനും ഈ വഴിക്കില്ല ഇപ്പോള്‍, ഓഹ്, അവറ്റോള്‍ക്കിപ്പ ഗൂഗിള്‍, ചില ഊച്ചാളി വായനക്കാര്, ഇത്യാദികളുണ്ടല്ലോ തെറ്റ് തിരുത്തിക്കാന്‍..”

കോമപ്പന്‍ :-“എന്തരണ്ണാ, അട്ത്ത പടി..”

രാമപ്പന്‍:- “പടിയല്ല കോപ്പെ, പിടിയാ..”

കോമപ്പന്‍ :- (ചോദ്യഭാവം മാത്രം)

രാമപ്പന്‍ :- “മ്മ്ലീ പ്രൊമോഷന്‍ പരിപാടി നിര്‍ത്തി, അല്ല പിന്നെ..!”

കോമപ്പന്‍ :- “അപ്പൊ അണ്ണാ, അണ്ണനാണോ ‘വെഗളിത്തരങ്ങള്‍’ ബ്ലോഗിലെ ‘പ്രൊമോഷന്‍ കുമാര്‍’ എന്ന പുതിയ പോസ്റ്റിലെ ആ കഥാപാത്രം..?”

രാമപ്പന്‍ :- കിര്‍ ര്‍ ര്‍... ര്‍ (റേഷനരി ചവക്കുന്ന പോലെ പല്ലിറുമ്മുന്നു)

കോമപ്പന്‍ :- “അണ്ണാ, ഷെമി, ഒരു മറുബ്ലോഗ് ഇന്നെന്നെ പടച്ച് വിടാംന്ന്!”




അശരീരി :- “ഓഓ, നിന്റെയൊക്കെ പ്രൊമോഷന്‍ കിട്ടാഞ്ഞിട്ട് ബ്ലോഗേര്‍സെല്ലാരും കുന്ദംകുളം മാപ്പ് വിറ്റാണ് ഇപ്പോ ജീവിക്കുന്നത്, ഒന്ന് പോഡാര്‍ക്കാ, ഡാ ഓഡാനാ പറഞ്ഞത്..”




പിന്നാമ്പുറക്കാഴ്ച :- (തോര്‍ത്ത് മുണ്ടാല്‍ മൂടപ്പെട്ട രണ്ട് തലകള്‍ അകലേയ്ക്ക് പമ്മി മറയുന്നു..)


++++++++++++++++++++++++
*ചിത്രങ്ങള്‍ google-ല്‍ നിന്നും കടമെടുത്തത്.
++++++++++++++++++++++++

18 February 2012

11. കോര്‍പ്പറേറ്റിസം അഥവാ അസ്ഥിതോണ്ടലിസം (രണ്ട്)


സീന്‍: 1
കോമപ്പന്റെ കയ്യില്‍ മൊബീല്‍ ഫോണ്‍.

ഫോണിന്റെ അപ്രത്ത്ന്ന് ആരോ: “ഹല ഹലോ ഹല ഹല..”

ഇപ്രത്ത്ന്ന് കോമപ്പന്‍ : “ഹല ഹലോ ഹല ഹല.. ഇതാരെഡേയ്??” ചോദ്യത്തിനൊപ്പം ആംഗ്യം രാമപ്പനോട്.

രാമപ്പന്റെ ചുമല്‍, അറിയില്ലെന്ന ഭാവത്തില്‍ ഇളകി.

അപ്രത്ത്ന്ന്: “ഹലോ, ഞാനേയ് മറ്റേ ഡോക്ടറാ.. പിന്നെ ഇങ്ങടെ എയ്ത്തെല്ലാം സൊയമ്പനായ്റ്റ്ണ്ട്ന്ന്, അതോണ്ട് ഇങ്ങ്ല് സാനാര്‍ത്ത്യായിറ്റ് നിക്കണം, പെറവ്ത്ത് തിരഞ്ഞെട്പ്പല്ലേ, തെരഞ്ഞിറ്റാരെം കിട്ടീല്ലാന്ന്, നോക്ക്യപ്പ ഇങ്ങ്ലേള്ളു ആങ്കുട്ട്യായ്റ്റ്!”

ഇപ്രത്ത്ന്ന് കോമപ്പന്‍ : “ഓ...ഹ്, ഞ്ഞി ആര്‍ന്നാ?* ശരി ശരി, ഇങ്ങനൊക്കെ പറേമ്പൊ എങ്ങനാ.., ആട്ടെ എന്നാ ഉലുവാ വേണം നിക്കാനായിട്ട്??”

ഡോ: “ഹേയ്.. ചുമ്മാ നിന്ന് തന്നാ മതീന്ന്..”

കോമപ്പന്‍: “ഓ, എന്നാ അങ്ങനെ, സലാം..”

ഡോ: “താങ്ക്യൂ..!”

ഫോണ്‍ മടക്കി കോമപ്പന്‍ കീശയിലിടുന്നു.
++++++++++++++++++++++++

സീന്‍: 2
(ഒരാഴ്ചയ്ക്ക് ശേഷം) കോമപ്പന്റെയും രാമപ്പന്റെയും സ്ഥിരം ജിമെയില്‍ വീഡിയോ ചാറ്റിംഗ് തിണ്ണ.

കോമപ്പന്‍: “കോപ്പിലെ എടപാടായിപ്പോയ്, വിളിച്ചുണര്‍ത്തീട്ട്, അത്താഴം ഇല്ലാന്ന്! ഹും.. ലാസ്റ്റ് റൌണ്ടീ പോലും വന്നില്ലെഡേയ്..!”

രാമപ്പന്‍: “അണ്ണന്‍ ഡെസ്പാവല്ല്”

കോമപ്പന്‍: “എങ്ങനെ ഡെസ്പാവാണ്ടിരിക്ക്വെഡേയ്, അന്തോം കുന്തോം ഇല്ലാത്ത താനൊക്കെയല്ലേ ഇപ്പൊ ഫൈനല്‍ റഊണ്ടില്..!”

രാ‍മപ്പന്‍ “കമാ” ചാറ്റ് (മിണ്ടാട്ടം) ഇല്ല.

കോമപ്പന്‍: “വെര്‍ച്ച്വല്‍ കാന്‍വാസിംഗ് നടത്തി തന്റെയൊക്കെ കൈയ്യില് നീര് പൊങ്ങീല്ലെ? ഫേസ്ബുക് കചടതപ കമ്മ്യുണിറ്റി, ഫോറം, കുന്ത്രാണ്ടം.. അവന്റെ @$#$%&*#@$#”

വീണ്ടും കാറ്റഴിഞ്ഞ ബലൂണായ രാമപ്പന്റെ “മൌസ്” സൈന്‍ ഔട്ട് ബട്ടണിലേക്ക് വേഗത്തില്‍ നീങ്ങി..
++++++++++++++++++++++++

സീന്‍: 3
(ഒരാഴ്ചയ്ക്ക് ശേഷം) രാമപ്പന്റെ മെയിലില്‍ കോമപ്പന്റെ ഓഫ് ലൈന്‍.

“ഡേയ്, നുമ്മക്ക് രണ്ടാള്‍ക്കും അവാര്‍ഡില്ല, ഇതൊന്ന് പൊളിച്ചട്ക്കേണ്ടേ? നീ മറ്റേ ബ്ലോഗില് ഒരു പോസ്റ്റിഡെഡേയ്, മാറ്ററ് അരമണിക്കൂരില്‍ അങ്ങാട്ട് വിടാം, അട്ത്ത മെയിലില്..”

രാമപ്പന്റെ ചുണ്ടില്‍ പൂത്തിരി, മൌസ് റിഫ്രഷ് ബട്ടണില്‍ ഞെങ്ങിക്കളി തുടരുന്നു.
++++++++++++++++++++++++

സീന്‍: 4
കോമപ്പന്റെ മെയില്‍ വായിക്കുന്ന രാമപ്പന്‍

പോസ്റ്റ് ഹെഡ്ഡര്‍ “തലക്കെട്ട് ലഭ്യമല്ല”
“..... അങ്ങനെ അവാര്‍ഡ് പ്രഖ്യാപിച്ചിരിക്കുകയാണ്, ഇപ്രാവശ്യം അവാര്‍ഡ് അര്‍ഹമായിട്ടുള്ള കൈയ്യിലേക്കാണ് പോയതെങ്കിലും മാന്യമഹാജനങ്ങളേ ഞാന്‍ ചോദിക്കുകയാണ്, അതെത്രയാണ് എന്ന്. ഇത് ജനാധിപത്യരാജ്യമല്ലേ ഹേ?

കഴിഞ്ഞ കൊല്ലം ഇല്ലാത്ത ജനാധിപത്യം ഇക്കൊല്ലം എന്തിനാണെന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളൂ, കഴിഞ്ഞ കൊല്ലം വോട്ട് ചെയ്തത് ജനങ്ങള്‍ അല്ലായിരുന്നു!

ഡോക്ടറായാലും ടീച്ചറായാലും ശാത്രഞഞനായാലും ശരി, വോട്ടെത്രാന്ന് പറഞ്ഞേ ഒക്കൂ! 10 വോട്ട് കിട്ടിയവനോ അതോ 7 വോട്ട് കിട്ടിയവനോ ഒന്നാമന്‍? 10 ആണൊ 7 ആണോ വലുതെന്ന് എണ്ണം പഠിപ്പിക്കുന്ന അന്നത്തെ ക്ലാസില്‍ പോയിട്ടില്ലേ എന്ന് ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, “ഉമ്മഞ്ചാണ്ടി രാജി വെക്കണം, അച്യുതാനന്ദനെ ജയിലിലടക്കണം!”

വീണ്ടും ചോദിക്കുകയാണ്, കഴിഞ്ഞ കൊല്ലം ഇല്ലാത്ത മൂന്നാം സ്ഥാനം ഇക്കൊല്ലം എന്താനാണ് ഹേ? അതെന്താ കഴിഞ്ഞ കൊല്ലം 3 കണ്ടുപിടിച്ചില്ലായിരുന്നോ?

മാന്യമഹാജനങ്ങളേ ഞാന്‍ ഊന്നി ഊന്നി (മമ്മൂട്ടീന്റെ കൈപ്രയോഗം പോലെ ഊന്നുന്നു) പറയുകയാണ്, ഈ ജനാധിപത്യവ്യവസ്ഥയില്‍ തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ എല്ലാവരെയും ഉള്‍പ്പെടുത്തണമെന്നാണ്, അല്ലാത്തപക്ഷം അമേരിക്കന്‍ വിധേയത്വക്കാര്‍ക്ക് മാത്രം നോബല്‍ പ്രൈസ് കൊടുക്കുന്നതിനെതിരെ ചൈനാ മോഡല്‍ പോലെ ഞങ്ങളും ഒരു തിരഞ്ഞെട്പ്പ് നടത്തി സമ്മാനം ഏര്‍പ്പാടാക്കും.”
++++++++++++++++++++++++

സീന്‍: 5
കോമപ്പന്റെയും രാമപ്പന്റെയും സ്ഥിരം ജിമെയില്‍ വീഡിയോ ചാറ്റിംഗ് തിണ്ണ.

കോമപ്പന്‍: “ഡേയ്, പോസ്റ്റുന്നതിനും മുമ്പേ കമന്റ് അപ്രൂവല്‍ മോഡിലാക്കിയിട്ടേക്കണം (കണ്ണുരുട്ടുന്ന സ്മൈലി 2എണ്ണം)”

രാമപ്പന്‍: “ഉവ്വ്, ഞാന്‍ അപ്പൊത്തന്നെ കോപി പേസ്റ്റി”

കോമപ്പന്‍: “ഉവ്വ, താന്‍ അതിനു മുടുക്കനാണല്ലോ പണ്ടേക്ക് പണ്ടേ”

രാമപ്പന്‍: “(ഇളിഞ്ഞ മോന്തയുള്ള സ്മൈലി)”

രാമപ്പന്‍: “അണ്ണാ, നമ്മടെ “തലക്കെട്ട് ലഭ്യമല്ല” പോസ്റ്റിന് ഒരു റിപ്ലൈ കിടക്കണ്..”

കോമപ്പന്‍: “കോപി പേസ്റ്റഡേയ് ഇവിടെ”

രാമപ്പന്‍: “ഇതാ ആദ്യത്തേത് @@‘അര്‍ഹനായാലും അല്ലെങ്കിലും സമ്മാനം കിട്ടാത്തതിനിത്ര വിഷമം വേണോ? സമ്മാനം കിട്ടിയിട്ട് വേണോ താങ്കള്‍ക്ക് പ്രചോദിതയാ/തനാവാന്‍? ഇല്ലല്ലോ-അപ്പൊ പറഞ്ഞ പോലെ എഴുത്ത് തുടരട്ടെ’@@”

കോമപ്പന്‍: “ഹോ, അങ്ങേര്‍ടെ ഒരു ഗീതോപദേശം, ഹും”

രാമപ്പന്‍: “(വാ പൊളിച്ച് ചിരിക്കുന്ന സ്മൈലി)”

കോമപ്പന്‍: “@@ഇതൊക്കെ വിവാദമാക്കിയവരോട് ചോദിക്കെടോ@@ എന്ന് അയാള്‍ക്ക് റിപ്ലൈ കൊടുക്കെഡേയ്..”

രാമപ്പന്‍: “അണ്ണാ, ഞങ്ങളല്ലെ ഇതിപ്പൊ വിവാദമാക്കിയത്?? (അന്ധാളിച്ച സ്മൈലി ഒന്ന്)”

കോമപ്പന്‍: “പറയുന്നത് കേട്ടാ മതി നീ!!”

രാമപ്പന്‍: “ഉം.., അണ്ണാ കമന്റൊന്നൂടെ, ചോദ്യമാണ് @@മനോരമേല്‍ എഴുതുന്നവരെ മാത്രമേ ഈ തിരഞ്ഞെടുപ്പിലുള്‍പ്പെടുത്തൂ എന്ന് പറഞ്ഞ സ്ഥിതിക്ക് ദേശാഭിമാനിക്കാരന്‍ ലിസ്റ്റിലെങ്ങനെ വന്നുപെട്ടു?@@”

കോമപ്പന്‍: “റിപ്ലൈ, @@മാധ്യമ സിണ്ടിക്കേറ്റ്@@എന്ന് കൊട്ഡേ..യ്”

രാമപ്പന്‍: “വേറൊന്നൂടെ, ഇതും ചോദ്യമാണ് @@മനോരമക്കാരെ മാത്രമേ പരിഗണിക്കൂ എങ്കില്‍ അതെങ്ങനെ എല്ലാവരെയും പ്രതിനിധീകരിക്കും?”

കോമപ്പന്‍: “ചോദ്യം?? അവനവന്റെ കീശേന്ന് എട്ത്ത് കൊട്ക്കുന്ന അവാര്‍ഡാ ഇത്, അത് മറ്റുള്ളോര്‍ക്കും കൊടുക്കണം എന്ന് പറയുന്നത് ആളാവാനുള്ള കളിയാ, അതിനാല്‍ ആ കമന്റ് അപ്രൂവ് ചെയ്യണ്ടാ, ചെയ്താല്‍ നമ്മള്‍ക്ക് പണി കിട്ടും”

രാമപ്പന്‍: “araMaina345”

കോമപ്പന്‍: “എന്തോന്നെഡേയ് ഇത്? (അന്ധാളിച്ച സ്മൈലി ഒന്ന്)”

രാമപ്പന്‍: “ഇതീ ബ്ലോഗിന്റെ പാസ്സ് വേര്‍ഡാ, അണ്ണന്‍ തന്നെ ഇനി റിപ്ലൈ ഇട്ടോളൂ.. ഞാന്‍ വായിച്ചോളാം”

കോമപ്പന്‍: “ഡേയ് ഡേയ്, ഹ്ഹിഹിഹി”

ramappan_thebuji is offline. Messages you send will be delivered when ramappan_thebuji comes online

കോമപ്പന്‍: “(കണ്ണുരുട്ടുന്ന സ്മൈലി മൂന്നാലെണ്ണം)”

ramappan_thebuji is offline. Messages you send will be delivered when ramappan_thebuji comes online

++
വാല്‍ക്കഷണം :- എട്ടുകാലിക്കും എട്ടുകാലീന്റെ ഗ്രൂപ്പ് കാരനും/കാരിക്കും അവാര്‍ഡില്ലാത്തതിനാല്‍ എട്ടുകാലി ഈ പ്രശ്നം കുത്തിപ്പൊക്കും, അമ്മ്യാണെ..!!

++++++++++++++++++++++++
*ചിത്രങ്ങള്‍ google-ല്‍ നിന്നും കടമെടുത്തത്.
++++++++++++++++++++++++

22 November 2011

10. കോര്‍പ്പറേറ്റിസം അഥവാ അസ്ഥിതോണ്ടലിസം (ഒന്ന്)

കോമപ്പന്‍ :- “ഡേയ്, സത്യം പറഞ്ഞോണം, നിനക്കെത്ര ബ്ലോഗ്ണ്ട്..?”

രാമപ്പന്‍ :- “ഇയാള് പുറത്ത് പറയൂല്ലെങ്കി..”

കോമപ്പന്‍ :- “ഇല്ലെഡേയ്..”

രാമപ്പന്‍ :- “മൂന്ന്, ആദ്യത്തേത് ‘എണ്ണപ്പാടങ്ങളിലൂടെ‘, മറ്റത് ‘തേങ്ങാക്കുലകള്‍‘, മൂന്നാമത്തേത് മറ്റേ ഭയങ്കര സംഭവമായ ബ്ലോഗേയ്.., ഇതില്‍ ആദ്യത്തേത് സ്വയംകൃതികള്‍ അനുവാചകരിലേക്കെത്തിക്കാനാണ്, രണ്ടാമത്തേത് ഞാനൊരു ഭയങ്കര ബുജിയാണെന്ന് മണ്ടന്മാരായ വായനക്കാരെ പറ്റിക്കാനുള്ളതും, മൂന്നാമത്തേതിനെപ്പറ്റി പറയേണ്ടല്ലോ, യേത്??”

കോമപ്പന്‍ :- “ഡാ, പന്ന റാസ്കലേ, പറ്റിക്കുന്നോ? ഈ പറഞ്ഞ മൂന്നാമത്തെ ബ്ലോഗില്‍ താന്‍ തന്നെയല്ലേടോ മറ്റൊരു ബ്ലോഗ് ലിങ്ക് പോസ്റ്റിയത്? ആ ബ്ലോഗ് ലിങ്കിന്റെ പ്രൊഫൈലും ബ്ലോഗും തന്റെ തന്നെയല്ലേ?”

രാമപ്പന്‍ :- “മനസ്സിലായില്ല”

(കോമപ്പന്റെ കൈക്രിയ രാമപ്പന്റെ എവിടെയൊക്കെയോ..‍)

രാമപ്പന്‍ :- “യ്യോ..... വിടണ്ണാ, ഞാന്‍ പറയാം”

കോമപ്പന് ‍:- “ആ, അങ്ങനെ വഴിക്ക് വാ..”

രാമപ്പന്‍ :- “അതിപ്പോ, ചില കൂതറ ബ്ലോഗേര്‍സ് ജീവിക്കാന്‍ സമ്മതിക്കണില്ലടേയ്, തോളില്‍ കയ്യിട്ട് നടന്നവനൊക്കെ ഭയങ്കര പേര്, മാത്രമോ, അവനൊക്കെ ഇന്റര്‍വ്യൂകളില്‍ എന്നെ കരി വാരി തേക്കുന്നെഡേയ്, അങ്ങനെ അവനിട്ട് വെച്ച വേലയല്ലേ ഇത്..?”

കോമപ്പന്‍ :- “താനും ആ തോളീക്കയ്യിട്ടവനുമൊക്കെയല്ലേ ബ്ലോഗ് വായനക്കാരെ തന്തയില്ലാത്തവന്മാര്‍ എന്നൊക്കെ വിളിച്ചത്?”

രാമപ്പന്‍ :- “അങ്ങനെ പറ്റിപ്പോയ് അണ്ണാ.., ആട്ടെ, അണ്ണനിതൊക്കെ എങ്ങനെ മനസ്സിലായി, ഈ സൈബര്‍ രഹസ്യങ്ങളൊക്കെ എങ്ങനെ കിട്ടണ്??”

കോമപ്പന്‍ :- “എട നാറീ, പൊട്ടനെ ചെട്ടി ചതിച്ചാ...”

(രാമപ്പന്‍ തലയാട്ടുന്നു)

കോമപ്പന്‍ :- “നീയിങ്ങ് വന്നേ, പറയട്ട്..”
“വിതയ്ക്കുന്ന വിത്ത് നല്ലതായാല്‍ നല്ലത് കൊയ്യാം, അല്ലെങ്കില്‍ ഇങ്ങനൊക്കെ ഉണ്ടാകും. പേന കൊണ്ട് മറ്റവന്റെ കുപ്പ തോണ്ടുന്നതിനും മുമ്പേ സ്വന്തം അസ്ഥിവാരം പൊളിഞ്ഞിട്ടുണ്ടോ എന്ന് ശ്രദ്ധിച്ചോണം.”

രാമപ്പന്‍ :- “ശരി അണ്ണാ, എന്നാലും”

കോമപ്പന്‍ :- “എന്ത് എന്നാലും??”

രാമപ്പന്‍ :- “ആ ലിങ്കിട്ട ബ്ലോഗ് എന്റെതാണെന്ന് അണ്ണന് എങ്ങനെ മനസ്സിലായി?”

കോമപ്പന്‍ :- “നിനക്ക് ബുദ്ധിയും എഴുതാനുമുള്ള കഴിവും ഉണ്ടെങ്കിലും അത് അതിബുദ്ധിയും താനാണിവിടെ വലിയവന്‍ എന്ന അഹന്തയും കാരണം”

രാമപ്പന്‍ :- “മനസ്സിലായില്ല..”

കോമപ്പന്‍ :- “അത്ര മനസ്സിലാക്കിയാല്‍ മതി, ഓഡ്രാ‍ാ‍ാ‍ാ!”

++
വാല്‍ക്കഷണം :- നാഴികക്ക് നാല്‍പ്പത് വട്ടം ‘അനോണികളെ’ തന്തയില്ലാത്തവരെന്ന് വിളിച്ച കൂട്ടുകെട്ട് കൂട്ട് വെട്ടി അതിലൊരാള്‍ അവരുടെ ഭാഷയില്‍ തന്തയില്ലാത്തവനെന്ന് സ്വയം പ്രഖ്യാപിക്കുമ്പോള്‍ സന്തോഷിക്കാന്‍ ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ അതാകാം..!!

++++++++++++++++++++++++
*ചിത്രങ്ങള്‍ google-ല്‍ നിന്നും കടമെടുത്തത്.
++++++++++++++++++++++++

22 September 2011

09. സന്യാസിയും എട്ടുകാലിയും - ഒരു മുഖാമുഖം.


സമരാനുഷ്ടാനകലയില്‍ നിപുണനായ സന്യാസി പ്രസിദ്ധനായത് ‘ലൈവ്-ഷോ’കളിലൂടെയായിരുന്നില്ല, മറിച്ച് അന്നൊരുനാള്‍ കലക്ട്രേറ്റ് പടിക്കല്‍ ‘എ സി’യാല്‍ കുളിര്‍മ്മ പടര്‍ത്തിയ പന്തലില്‍ നിരാഹാരസമരം തുടങ്ങി ആറാമത്തെ മണിക്കൂറില്‍ ശവാസനപരുവമായപ്പോള്‍ ഉള്‍ത്തടം ഉണര്‍ത്തിയ കൈകളാലൂന്നി അടുത്ത പെട്ടിക്കടയിലേക്ക് നിരങ്ങി പുട്ടും കടലയും അടിച്ചത് ചിത്രസഹിതം ഒരു മഞ്ഞപ്പത്രത്തില്‍ വന്നതോടെയാണ്. അന്ന് മുങ്ങിയ ആ മഹാനുഭാവന്‍ തൊട്ടടുത്ത ആഴ്ച പുതിയ രൂപഭാവങ്ങളോടെ പൊങ്ങിയത് ഒരു ബ്ലോഗ് മീറ്റിലായിരുന്നു.

ശേഷം സന്യാസിയുമായ് എട്ടുകാലി നടത്തിയ ഒരഭിമുഖം.

8കാലി : “ദന്തഗോപുരത്തില്‍ നിന്ന് താഴേക്ക് വീണ് നട്ടെല്ലുളുക്കിയത് പോലെയുണ്ടോ ഇപ്പോള്‍?”

സന്നി : “അങ്ങനെയൊന്നുമില്ലാ, ഇത്തിരി നീരുണ്ട്.. അതിപ്പോ..”

8കാലി : “നീരോ..?”

സന്നി : “ഉം, അന്ന് നാട്ടാര് പെരുമാറിയതിന്റെ..”

8കാലി : “എന്താ ഇവിടെ?”

സന്നി : “മീറ്റിലൊന്ന് കൂടി ‘ഈറ്റൊ’ന്ന് തരപ്പെടുത്താനും പിന്നെ എല്ലാവരെയും പരിചയപ്പെടാനും..”

8കാലി : “പഴയ പ്രക്ഷോഭപരിപാടികളെല്ലാം മതിയാക്കിയോ..?”

സന്നി : “ഉവ്വ്, തടി കേടാക്കാനില്ല, ചുമര് നാട്ടുകാര്‍ അടിച്ച് പൊളിച്ചാല്‍ ഞാനെങ്ങനെ ചിത്രം വരയ്ക്കും?”

8കാലി : “ഉം, ഇപ്പോഴത്തെ കര്‍മ്മമണ്ഡലം?”

സന്നി : “എഴുത്ത്”

8കാലി : “വ്യക്തമാക്കാമോ?”

സന്നി : “ഓ..”
“മുമ്പേ ഒരു ബ്ലോഗ് ഉണ്ടായിരുന്നെങ്കിലും പൊതുജനസമ്പര്‍ക്ക പരിപാടി കാരണം സമയത്തിന്റെ ലഭ്യതക്കുറവിനാല്‍ അതിലൊന്നും ക്രിയാത്മകമായ് ഇടപെടാന്‍ സാധിച്ചിരുന്നില്ല, ഈയിടെ എന്റെ ‘പുട്ടടിക്കല്‍’ വിവാദം  സൈബര്‍ ലോകത്ത് ചര്‍ച്ചാവിഷയമായിരുന്നു, ഒരു സുഹൃത്ത് വഴി അടുത്തകാലത്താണ് ഇക്കാര്യം അറിയാന്‍ കഴിഞ്ഞത്. വിവാദത്തിന് ശേഷം ഒരു മാധ്യമത്തിനു പോലും എന്റെ വിശദീകരണം കേള്‍ക്കാന്‍ ചെവിയുണ്ടായിരുന്നില്ല, എങ്കില്‍പ്പിന്നെ ബ്ലോഗ് ഒരു മാധ്യമമാക്കി എന്റെ ചിന്താധാര സൈബര്‍ ലോകത്തിലെങ്കിലും എത്തിക്കാം എന്ന ചിന്ത എഴുത്തിന്റെ ലോകത്തിലേക്ക് ഒരു തിരിച്ച് പോക്ക് ഉണ്ടാക്കി.”

8കാലി : “തിരിച്ച് പോക്ക് എന്ന് പറയുമ്പോള്‍..? അതൊന്ന് കൂടുതല്‍ വിശദീകരിക്കുന്നതില്‍..”

സന്നി : “വിശദമാക്കാം, ആദ്യകാലത്ത് ഞാന്‍ ഒന്നാം ക്ലാസ്സില്‍ വെച്ച് തന്നെ കവിതകള്‍ എഴുതുമായിരുന്നു. പിന്നീട് എഴുത്ത് നിര്‍ത്തുന്നത് ഒന്നാം ക്ലാസ്സില്‍ വെച്ച് അക്ഷരത്തെറ്റ് കാരണം ക്ലാസ് ടീച്ചര്‍ തോല്‍പ്പിച്ച് രണ്ടാം ക്ലാസിലേക്കുള്ള മാര്‍ഗ്ഗം തടഞ്ഞപ്പോഴായിരുന്നു.”

8കാലി : “ഒരു കവിത ചൊല്ലാമോ”

സന്നി : “എന്റെ ആദ്യകാലകവിതകളില്‍ എനിക്കേറ്റം ഇഷ്ടമായ ‘കണ്ണാന്തളിയും മണ്ണിരയും’ എന്ന കവിത കാതലായ അംശം മാറ്റാതെ ഇന്നത്തെ കാലത്തിനനുസരിച്ച് ഇത്തിരി  മാറ്റിയെഴുതിയത് ബ്ലോഗില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഞാനത് ഇവിടെ ചൊല്ലാം.”


കവിത : കണ്ണാന്തളിയും മണ്ണിരയും കാറ്റും*
രചന : സന്യാസി
ആലാപനം : സന്യാസി
സംഗീതം : സന്യാസി

"കണ്ണാടിനോട്ടത്തില്‍
കണ്ണീരുപ്പ് കലരാത്ത
കണ്ണുകള്‍, തന്‍കൈയ്യാല്‍
കണ്ണാന്തളി തലോടി..

മണ്ണിന്നടിയില്‍
മുനയൊടിയാ നോട്ടവും
മുഖമറിയാ മേദസ്സുമായ്
മണ്ണിര മനപ്പായസമുണ്ടു..

കാറ്റിന്റെ ചുവപ്പില്‍
കരിയിലയായ് അടര്‍ന്നു,
കണ്ണില്‍ കണ്ണീരുപ്പ്
കലര്‍ന്നറിയും മുമ്പേ കണ്ണാന്തളി..

മനപ്പായസമണ്ണിന്റെ മാറില്‍
മേദസ്സമര്‍ന്നലിഞ്ഞ്
മണ്‍കട്ടയായ് മണ്ണിര, ശേഷം
മണ്‍പൊടിയായ് മതം* പറന്നു കാറ്റില്‍..”

കാറ്റ്* = പദം പിന്നീട് കൂട്ടിച്ചേര്‍ത്തത്
മതം* = അഭിപ്രായം
+++

അടിമുടി മാറിയ 'സന്നി'(after eat).
- ഏതോ പോസ്റ്റിന് കമന്റാന്‍
വിക്കിപീഡിയ റെഫര്‍ ചെയ്യുന്നു.
8കാലി : “ഫന്റാസ്റ്റിക് & റിയലിസ്റ്റിക്.., കവിത ചിന്തയെ മഥിക്കുന്നു! ബൈ ദി വേ, എന്താണ് അര്‍ത്ഥമാക്കിയതെന്ന് വ്യക്തമാക്കാമോ?”

സന്നി : “ഫന്റാസ്റ്റിക് & റിയലിസ്റ്റിക് എന്നതിന്റെ അര്‍ത്ഥമാണോ..?”

8കാലി : “.... അത്... പിന്നെ..... ഈറ്റ് തുടങ്ങിയെന്ന് തോന്നുന്നു..”

സന്നി : “ഉവ്വ്..!”


++++++++++++++++++++++++
*ചിത്രങ്ങള്‍ google-ല്‍ നിന്നും കടമെടുത്തത്.
++++++++++++++++++++++++

19 September 2011

08. ചില പിന്തിരിപ്പന്‍ ‘മുന്തിരിപ്പന്‍’ ചിന്തകള്‍

01. എണ്ണവില കൂടി :- ഹസാരെ ഇഫക്റ്റ് കാരണം ജനം ചോദിക്കുന്നു എന്തേ ഹര്‍ത്താലിനു പകരം ഇടതുപക്ഷം നിരാഹാരം ഇരുന്നില്ല എണ്ണ വില കുറക്കാന്‍.

02. ഇറോം ശര്‍മ്മിള വര്‍ഷങ്ങളായ് നിരാഹാരത്തിലാണെന്ന് ഇടതുപക്ഷം ചോദിച്ചോ എന്നറിയില്ല.

03. ക്രിക്കറ്റില്‍ ഇന്ത്യ തോറ്റ് മടങ്ങിയത് വാര്‍ത്തയാകാന്‍ മാത്രം കാര്യമുണ്ടോ എന്ന് ചോദിക്കരുത്.

04. ഹോക്കി ചാമ്പ്യന്‍ഷിപ്പ് ജയിച്ച വാര്‍ത്ത ഒരു തദ്ദേശീയ ക്രിക്കറ്റ് മത്സരത്തിന്റെ പ്രാധാന്യം പോലും ഉണ്ടായോ എന്നും ചോദിക്കുന്നുണ്ടെന്ന് ആരോ പറഞ്ഞത് പോലെ.

05. കളി ജയിച്ച് വന്നപ്പോള്‍ ഹോക്കി കളിക്കാരന്റെ കൂരയ്ക്ക് ചുറ്റുമാണ് പത്രദൃശ്യമാധ്യമങ്ങള്‍, എന്തേ, അവര്‍ കളിക്കാന്‍ പോകുന്ന കാലത്തും ആ കൂര ഉണ്ടായിരുന്നില്ലേ എന്ന് ആരും ചോദിച്ച് പോകരുത്.

06. പാഴായ്പ്പോകുന്ന ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ക്കായ് ഫുഡ് ബാങ്ക് വരുന്നു. കയ്യിട്ട് വാരാന്‍ ഒരു കളരി, റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് വഴി കണ്ടെത്തിയതാണോ എന്ന് ചോദിക്കരുത്. നല്ലതെങ്കില്‍ നാലാള്‍ അറിയട്ടെ, അരവയര്‍ പോലും നിറയാത്തവരുടേത് ഒരു നേരമെങ്കിലും നിറയട്ടെ.

07. കേരള രാഷ്ട്രീയത്തില്‍ ഒരു നാറാണത്ത് ഭ്രാന്തന്റെ പിന്‍ഗാമി കൂടി.., പഴയ “മന്തിടം കാൽ വലം കാലേറ്റ് വാങ്ങി”യെന്ന് വാര്‍ത്ത..

08. വികസനത്തിന്റെ ആരാധ്യപുരുഷനെതിരെ പത്രങ്ങ(?)ള്‍ പടയോങ്ങുന്നു, ശ്രീമാന്‍ മോഡിയെ പേടിക്കുന്നതാരെന്ന് വ്യക്തമായോ എന്ന് ചോദിക്കാമോ? ചോദിക്കരുത്, പ്രശംസിച്ചവര്‍ തന്നെ വാളെടുക്കുന്ന കാലത്ത് “കമാ” എന്ന് മിണ്ടിപ്പോകരുത്.

09. അശ്ലീലം ശ്ലീലമുള്ളിടത്തോളം ഉണ്ടാകുമെന്നും അതിന്റെ വഴികള്‍ പലതും. ഹൈടെകിന്റെ ആദ്യവാക്കായ മൊബൈല്‍ ഫോണ്‍ അശ്ലീലങ്ങള്‍ വാര്‍ത്തയാകുന്നു ഇടത് വലത് മുന്നണികളില്‍.

10. ഓണത്തിന് പുട്ട് കച്ചവടം പോലെ പ്രകൃതിയും. വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ഭൂകമ്പം, മരണം 50 കഴിഞ്ഞുവെന്നും നാശനഷ്ടം ഇനിയും കണക്കാക്കിയില്ല എന്നും പത്രവാര്‍ത്ത. മാധ്യമങ്ങള്‍ക്ക് ഇതില്‍ നിന്നും വരുമാനമവും സര്‍ക്കുലേഷന്‍ വര്‍ദ്ധനവും ഇല്ലാത്തതിനാല്‍ വലിയ കോലാഹലം പ്രതീക്ഷിക്കരുത്. “‘ലൈവു’ കാണുവാനൊത്തതിന്നെന്റെ ഭാഗ്യം” മാത്രം ഉണ്ടോ എന്ന് നോക്കിയാല്‍ മതി.

അതിനിടെ ഭൂകമ്പബാധിത സമീപപ്രദേശത്തെ ജയിലില്‍ നിന്നും തടവുപുള്ളികള്‍ രക്ഷപ്പെടാനൊരുങ്ങി. നിയന്ത്രണാധീനം എന്ന് മാധ്യമങ്ങള്‍. ഭൂകമ്പം കാരണമുണ്ടായ പരിഭ്രാന്തി കൂടുതല്‍ അപായങ്ങള്‍ക്ക് ഹേതുവാകുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. വികസിത രാജ്യമെന്ന മുന്‍ഗണനയെങ്കിലും പ്രകൃതി ദുരന്തങ്ങളെ എങ്ങനെ സമചിത്തതയോടെ നേരിടുന്നു എന്ന ഒരു ചെറുവിവരണം ഇവിടെ വായിക്കാം.

++++++++++++++++++++++++
*ചിത്രം google-ല്‍ നിന്നും കടമെടുത്തത്.
++++++++++++++++++++++++

18 September 2011

07. ഒരു അനോണി ബ്ലോഗ് വിക്കി ലീക്സ്

കോമപ്പന്‍ :-“എഡേയ്, ബ്ലോഗില് പരതിയിട്ട് എള്ളോളം തള്ളേ, നെന്നെം നെന്റെ പോട്ടോം കണ്ടില്ലല്ല്, അതെന്തര്?”

രാമപ്പന്‍ :-“ഹ്ഹ്ഹ്, ഉവ്വുവ്വേ.. ദിത്തിരി പുളിക്കുമേ.. നുമ്മ അനോണിയാ കോപ്പെ, പിന്നെങ്ങനെ കാണാനാ?”
"അതേയ്, താനെപ്പ ബ്ലോഗ് തുടങ്ങി, ങ്ഹേ..??”

കോമപ്പന്‍ :-“അതൊന്നുമില്ലപ്പീ, തോനെ സമയങ്ങള് ആപ്പീസില്‍ ഇരുന്നപ്പ.. അപ്പ നെറ്റിലൂടെ കയറി നോക്കിയതാണെഡേയ്”

രാമപ്പന്‍ :-“ആപ്പീസ് താന്‍ പൂട്ടിക്കും അല്ലേ.. ങ് ഹ്!”

കോമപ്പന്‍ :-“ഇല്ലഡേയ്, അതിരിക്കട്ട്, ഞാനൊന്ന് പറഞ്ഞാല് പിള്ളേ താന്‍ കോവിക്കല്ല്..”

രാമപ്പന്‍ :-“ന്റെ ഗെഡ്യേ, ഇല്ലെന്ന്, ന്തൂട്ടാന്ന്ച്ചാ വേം ചൊല്ലിത്തൊലയ്..”

കോമപ്പന്‍ :-“അല്ലെഡേയ്, അനോണിയെന്ന് വെച്ചാല്, എന്റെ ഒരു നോട്ടത്തില് താനൊക്കെ വ്യാജനല്ലെ? മറ്റേ വിലാസിനീം, ആഷാ മേനവനും, ഉറൂബും, മേരി ആന്‍ ഇവാന്‍സും, അജ്ഞേയും ജരാസന്ധനും കല്‍ക്കീം സഞ്ജയനും ഏകലവ്യനും കോവിലനും ഇന്‍ക്വിലാബും ഒക്കെം വ്യാജിയും വ്യാജനുമല്ലെ?”

രാമപ്പന്‍ :- “ഡോ കോപ്പെ, പരട്ടെ..”

കോമപ്പന്‍ :- “അണ്ണാ, കോവിക്കല്ലെന്ന് ആദ്യമേ പറഞ്ഞ്.. :( ”

രാമപ്പന്‍ :“ങ്ഹാ, ഐ ആം ദി സോറി, എഡോ മ മ മ മരത്തലയാ, വെല്ല്യ വെല്ല്യ സാഹിത്യകാരന്മാരെ വ്യാജനെന്ന് പറഞ്ഞപ്പോ ക്ഷോഭിച്ചതാ..!”

കോമപ്പന്‍ :-“അണ്ണന്‍ വികാരിയാവല്ല്..”

രാമപ്പന്‍ :-“ഉം, ശരി, പക്ഷേ ഇനി ഞാന്‍ പറേണത് മണ്ടേലോട്ട് കേറ്റിക്കോണം, ഏറ്റോ?”

കോമപ്പന്‍ :“ഏറ്റു”

രാമപ്പന്‍ :-“ബ്ലോഗര്‍ എന്നതിലുപരി വ്യക്തിപരമായി ആരെയും എനിക്ക് അറിയില്ല. അതിനാല്‍, പേരും ഫോട്ടോയും സ്വന്തം തന്നെ എന്ന് "പറയാതെ പറയുന്ന" അത്തരം അറിയാത്ത ആള്‍ക്കാര്‍ എന്നെ സംബന്ധിച്ച് അനോണിയും കൂടെ വ്യാജനും തന്നെയാണ് എന്ന് പറഞ്ഞാല്‍ താന്‍ അനുകൂലിക്കുന്നുവോ ഇല്ലയോ?”

കോമപ്പന്‍ :-“എന്ന് ച്ചാ.., എന്നാലും പോട്ടം അവനോന്റെന്ന്യാവും..”

രാമപ്പന്‍ :-“എന്താ അതില്‍ ഉറപ്പ് മരത്തലയാ? തനിക്കവര്‍ വല്ല സാക്ഷ്യപത്രോം തന്നിട്ടുണ്ടോഡോ കോപ്പെ, പോട്ടം അവനോന്റെ ആണെന്ന്? പേര് സ്വന്തം പേരാന്ന്? ങ് ഹെ”

കോമപ്പന്‍ :“അത്.. പിന്നെ..”

രാമപ്പന്‍ :-“ജബ ജബയല്ല മരത്തലയാ.. ഇനി പറയണ കാര്യം വളരെ ശ്രദ്ധിക്കണം.. ഓകെവാ”

കോമപ്പന്‍ :-“ഐവാ ഐവാ..”

രാമപ്പന്‍ :-“ഉം, കേള്‍ക്ക്.., ബ്ലോഗില്‍ പേരും ഫോട്ടോയും അവനവന്റേതെന്ന് എനിക്ക് തെളിയാത്തിടത്തോളം എല്ലാവരും എനിക്ക് അനോണികള്‍ തന്നെയാണ്. അനോണിയല്ലാ വ്യാജനല്ലാ എന്ന് തര്‍ക്കിക്കാനാണ് ഉദ്ദേശ്യമെങ്കില്‍ ഇനി പറയുന്ന ഏഴിന പരിപാടി അവരുടെ എല്ലാവരുടെയും ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കേണ്ടതാവുന്നു..”

01. ജനന സര്‍ട്ടിഫിക്കറ്റ് (ആണ്‍, പെണ്‍, ജാതി, അംശം, ദേശം)
02. മരണസര്‍ട്ടിഫിക്കറ്റ് (ഉണ്ടെങ്കി)
03. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് (ഉണ്ടെങ്കി)
04. റേഷന്‍ കാര്‍ഡ് (ഈ സാധനം കൊണ്ട് ഒരു കാര്യോം ഇല്ലാത്തതിനാല്‍ വ്യാജന്‍ ഉണ്ടാവില്ലെന്നുറപ്പിക്കാം, വിശ്വസിക്കാം)
05. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് (നിര്‍ബന്ധമില്ല‍, അത് നോക്കി തിരിച്ചറിയാന്‍ പറ്റുമെന്ന ഉറപ്പില്ലാത്തതിനാല്‍‍)
06. സ്ഥിരതാമസം തെളിയിക്കണ സര്‍ട്ടിഫിക്കറ്റ് (വില്ലേജ് ആപ്പീസര്‍ സാക്ഷ്യപ്പെടുത്തിയത്, ബ്ലോഗര്‍ വില്ലേജ്മാന്‍ വകയല്ലാട്ടോ, തെറ്റരുത്!)
07. പൂര്‍ണ്ണകായ ഫോട്ടോ ഒന്ന് A4 സൈസില്‍ (വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം പുതുക്കേണ്ടതാവുന്നു)

കോമപ്പന്‍ :-“...., ........., :| ”

രാമപ്പന്‍ :-“കോപ്പെ, നെന്റെ നാക്ക് അണ്ണാക്കിലോട്ട് പോയാ?”

കോമപ്പന്‍ :-“ഹലോ, ആരാ.. മഴയോ, ഇല്ലില്ലാ.. ങെ, പെയ്തൂന്നോ?? യ്യോ..”

രാമപ്പന്‍ :-“ :-o ”

കോമപ്പന്‍ :-“അണ്ണാ, ഇത്തിരി ഒതളങ്ങ ഒണാക്കാനിട്ടിട്ടൊണ്ട്, വാരി വെച്ചില്ലേല് മഴ നനയും.. പിന്നെ കാണാം, ഞാന്‍ പോയീ..”

രാമപ്പന്‍ :-“ചെല്ല് ചെല്ല്, ചെന്ന് വാരി പുഴുങ്ങി തിന്ന്.. നെനക്കൊക്കെ അതെന്നെഡോ നല്ലത്..!”

++++++++++
വിലാസിനി : എം കെ മേനോന്‍
ആഷാ മേനോന്‍ : കെ ശ്രീകുമാര്‍
ഉറൂബ് : പി സി കുട്ടിക്കൃഷ്ണന്‍
മേരി ആന്‍ ഇവാന്‍സ് : ജോര്‍ജ് എലിയട്ട്
അജ്ഞേയ് : എസ് എച്ച് വാത്സ്യായന്‍
ജരാസന്ധന്‍ : ചാരുചന്ദ്രചക്രവര്‍ത്തി
കല്‍ക്കി : ആര്‍ കൃഷ്ണമൂര്‍ത്തി
ഏകലവ്യന്‍ : കെ എം മാത്യൂസ്
സഞ്ജയന്‍ : എം ആര്‍ നായര്‍
കോവിലന്‍ : വി വി അയ്യപ്പന്‍
ഇന്‍ക്വിലാബ് : ഷാഹുല്‍ഹമീദ്

ബഹു: മുകളില്‍ പ്രതിപാദിച്ചവരെ വ്യാജനെന്ന് പറയേണ്ടി വന്നതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. സംഭവാമി യുഗേ യുഗേ എന്ന് കരുതി ക്ഷമിക്കുമല്ലോ.

++++++++++++++++++++++++
*ചിത്രം google-ല്‍ നിന്നും കടമെടുത്തത്.
++++++++++++++++++++++++

17 September 2011

06. ആനപ്പൊറത്തല്ലഡൊ, പൊരപ്രത്ത്.. #@%#$&!#+

കോമപ്പന്‍ :- “അല്ലപ്പീ, നിന്നെ ഇന്നലെ ഇവിടെങ്ങും കണ്ടില്ലല്ലോ..? ബ്ലോഗുലകത്തില്‍ ആരേലും.. ങെ?”

രാമപ്പന്‍ :- “ഗെഡ്യെ, കരിനാക്ക് വളക്കല്ല്ല്, ഒരാള് പോയാല് ഒരു കമന്റ്, അത്രേം ഹിറ്റുകള് പോം, അറിയാവോ..”

കോമപ്പന്‍ :- “എന്തുവാഡേ, ഈ ഹിറ്റ്, അടി കിട്ടാന്‍ അത്രോളം തെറി നീ എഴുതി വിടണ്ണ്ടല്ലേ, എങ്ങനെ സഹിക്കണ്..?”

രാമപ്പന്‍ :- “ന്റിഷ്ടാ, അതൊന്നും അല്ലാ, അതിപ്പ ബ്ലോഗ് സന്ദര്‍ശിക്കുമ്പ അവിടെ എണ്ണം കാണിക്കണ സംഭവമാ..”

കോമപ്പന്‍ :- “എന്തരോ കുന്തമാകട്ട്, ആട്ടെ- നീ ഇന്നലെ എവിടാരുന്നെടേയ്..?”

രാമപ്പന്‍ :-“ഇന്നലെ തോനെ പണിയാര്‍ന്ന്, തലസ്ഥാനത്തേയ്, അഞ്ചാറ് ബസ് കത്തിക്കല്, ഓട്ടോ, പിന്നെ കിട്ടിയതൊക്കേം.. മൊബീലി കൊറേ ചിത്രോം പിടിച്ച്, ഇത് വെച്ച് ഇന്നൊരലക്ക് അലക്കണം ബ്ലോഗില്..”

കോമപ്പന്‍ :-“തള്ളേ ദാ, കെടക്കണ്, ഇങ്ങനെ നീ കൊറേ കത്തിച്ചത് ബ്ലോഗ് പടച്ച് വിട്ടിട്ടില്ലേ കഴിഞ്ഞ വര്‍ഷോം? ആട്ടെ എന്താ സംഭവം?”

രാമപ്പന്‍ :-“ഇടത്തന്മാര്‍ടെ ഹര്‍ത്താലാര്‍ന്നേയ്..”

കോമപ്പന്‍ :-“അതെന്നെ, പക്ഷേ...ഏ.., നീ എപ്പ എടതനായത്?”

രാമപ്പന്‍ :-“അതിനിപ്പ സമയോം കാലോം വേണോ?”

കോമപ്പന്‍ :-“അല്ലടേയ്, ഭൂരിപക്ഷജനതയുടെ പ്രതിനിധികള് ഭരിക്കുമ്പ തീരുമാനം ഭൂരിപക്ഷത്തിന്റെതല്ലെ? പെട്രോള്‍ വില വര്‍ദ്ധന, കെ എസ് ആര്‍ ടി സീ സ്വകാര്യവല്‍ക്കരണം, സ്പെക്ട്രം കയ്യിട്ട് വാരല്‍.. ഇതിനൊക്കെ എതിരെ സമരം ചെയ്താല്‍ ജനാധിപത്യത്തിനെതിരല്ലെ? ശിക്ഷാര്‍ഹമല്ലേ?”

രാമപ്പന്‍ :-“കോപ്പ്, അങ്ങനല്ലാന്ന്, ഭരിക്കുന്നോനെ മുച്ചൂട് എതിര്‍ക്കുക, പെട്രോള് വെല വര്‍ദ്ധിച്ചാലും ക്രൂഡ് ഓയില് വെല ഇടിഞ്ഞാലും സമരം ചെയ്ത് നശിപ്പിക്കുക..”

കോമപ്പന്‍ :-“അതായത്, തെരഞ്ഞെടുപ്പിലൂടെ വന്നാലും മര്യാദക്ക് മോട്ടിക്കാന്‍ പോലും സമ്മതിക്കൂല്ലാന്ന്, അല്ലേ? എന്നിട്ട് എന്താണ് ഇതും വെച്ച് ബ്ലോഗ് കൃത്യങ്ങള്?”

രാമപ്പന്‍ :-“അതോ, കത്തണ ബസിന്റെം ജീപ്പിന്റെം പോട്ടം വെച്ച് ഹര്‍ത്താലിനെതിരെ പ്രതിഷേധിച്ച് ഒര് പോസ്റ്റിടണം, വെല വര്‍ദ്ധനേല് പ്രതിഷേധിച്ച് സര്‍ക്കാറിനെം നാല് ചീത്ത വിളിക്കണം, പത്തഞ്ഞൂറ് ഹിറ്റ് ഒറപ്പാ.. ജീവിക്കണ്ടേ..”

കോമപ്പന്‍ :-“അല്ലടേയ്, നെന്നെക്കൊണ്ട് നയാപ്പൈസക്ക് കൊണമില്ലാന്ന്..”

രാമപ്പന്‍ :-“ഹലോ, ആ.. എന്ത്? ആ പോസ്റ്റില് അക്ഷരത്തെറ്റോ? ആരാ കമന്റിയത്? ങെ, എട്ടുകാലിയോ.. അനോണിയല്ലേ, ആ കമന്റ് ഡിലീറ്റിയേക്കാം, ങെ.. വേറാരാ.. ആ ഞാന്‍ നോക്കട്ട്, ഇപ്പ പൊറത്താ, ആനപ്പൊറത്തല്ലൊഡോ, പൊരപ്രത്ത്.., ശരി ശരി.. ഓകെ.. #@%#$&!#+‌..”

“കോമപ്പാ, ശ്ശി തെരക്കാണേയ്, പിന്നെ കാണാട്ടാ..”

++
വാല്‍ക്കഷണം : ബ്ലോഗ് തുടങ്ങിയിട്ട് നയാപൈസക്ക് വകയില്ലെങ്കിലും “ജീവിക്കണ്ടേ” എന്ന് രാമപ്പന്‍ പറഞ്ഞതോര്‍ത്ത് കോമപ്പന്‍ ഉത്തരമില്ലാത്ത കടങ്കഥയ്ക്കുത്തരം തേടും പോലെ കുത്തിയിരിക്കുകയാണ്.. :-/

++++++++++++++++++++++++
*ചിത്രം google-ല്‍ നിന്നും കടമെടുത്തത്.
++++++++++++++++++++++++

14 September 2011

05. ചുമട് താങ്ങി

കോമപ്പന്‍ :- “എന്തരഡേയ് സ്കഡ് മിസൈല് പോലെ പായണ്..”

രാമപ്പന്‍ :- “ഈ ഗെഡിക്ക് ഒരൂട്ടോം അറിയൂല്ലാ, പോയിട്ട് വേണ്ഷ്ടാ ബ്ലോഗൊക്കെ നോക്കി, അഭിപ്രായംസ് വായിച്ച്, ചാറ്റില് വരണവന്റെയും ബ്ലഡി കമന്റ് എഴുതിയവന്റെം തന്തയ്ക് വിളിക്കാന്‍..”

കോമപ്പന്‍ :- “എന്തുവാഡേ, നിനക്കൊക്കെ വല്ല സീരിയല് കള് കണ്ടിരുന്നാ പോരേ..”

രാമപ്പന്‍ :- “ന്റിഷ്ടാ, ഇത്രേം ത്രില്ല് വേറെവ്ടെം കിട്ടില്ലിഷ്ടാ.. വിട്, വിട്, ഞാന്‍ പോട്ട്..”

++
വാല്‍ക്കഷണം : ഇപ്പറഞ്ഞേല് കോമപ്പനും രാമപ്പനും ഒരു വര്‍ഗ്ഗീയ വികാരവും അഴിച്ച് വിട്ടിട്ടില്ലാ, ഈ പോസ്റ്റില്‍ യാതൊരു വിധ വര്‍ഗ്ഗീയപ്രീണനവും ഇല്ലാ.. സത്യമായിട്ടും..!!

++++++++++++++++++++++++
*ചിത്രം google-ല്‍ നിന്നും കടമെടുത്തത്.
++++++++++++++++++++++++

26 August 2011

04. ഇരിക്കാനിടമില്ലാത്ത സ്കൂള്‍



01. വാക്കുകള്‍ക്ക് മൂര്‍ച്ച ഏറുന്നതെപ്പോഴാണ്?
02. വാക്കുകള്‍ വേദനിപ്പിക്കുന്നതെപ്പോഴാണ്?
03. വാക്കുകള്‍ നാണം കെടുത്തുന്നതെപ്പോഴാണ്?
04. വാക്കുകളെ നാണം കെടുത്തുന്നതെപ്പോഴാണ്?
(ചോദ്യങ്ങള്‍ വേണമെങ്കില്‍ തുടച്ചയാക്കാം..)

കാര്യത്തിലേക്ക്, സംക്ഷിപ്തരൂപത്തില്‍ താഴെ പ്രകാരം.

ബൂലോക എഴുത്തുകാരെ ഉപദേശിച്ചും, തെറ്റുകള്‍ ചൂണ്ടിക്കാട്ടി നേര്‍വ്വഴിക്കും നയിക്കാന്‍ ഒരു ബ്ലോഗെന്ന നിലയിലാണ് അടുത്തകാല പ്രസിദ്ധികരണങ്ങളിലെ “ഇരിപ്പിടം @ E സ്കൂള്‍” എന്ന ബ്ലോഗിലെ പുതിയ പോസ്റ്റ്. അവിടെ ബ്ലോഗ് ‘ഓണര്‍’ പ്രഖ്യാപിക്കുന്നുമുണ്ട് “അക്ഷരങ്ങള്‍ പെറുക്കിയെടുത്താണ് എന്റെ കളി” എന്ന്. ആധികാരികതയ്ക്ക് വേണ്ടിയാണോ എന്നറിയില്ല, അദ്ദേഹം ഒരു പത്രപ്രവര്‍ത്തകനായിരുന്നുവെന്നും അവകാശ(?)പ്പെടുന്നു(മു)ണ്ട് ഇതര ബ്ലോഗുകളില്‍.

ഏറ്റവും പുതിയ പോസ്റ്റ് എഴുത്തും ജീവിതവും ഒന്നല്ലെങ്കില്‍ റോസാപ്പൂ ചൂടുന്ന ഭാര്യ അടികൊള്ളും ശ്രീ ചന്തുനായര്‍ വകയാണ്. ആ ലേഖനവും തുടര്‍ന്നുള്ള അഭിപ്രായപ്രത്യഭിപ്രായ(വാക്ക് ശരി തന്നെയോ?)ങ്ങള്‍ വായിച്ച് കഴിഞ്ഞപ്പോള്‍ എട്ടുകാലിയും ഒരു അഭിപ്രായം അവിടെ പറഞ്ഞിരുന്നു.

എന്നാല്‍ മുകളില്‍ കാണിച്ച ‘സ്നാപ് ഷോട്ട്’-ചിത്രത്തില്‍ വായിക്കും പോലെ ആ അഭിപ്രായം നീക്കിയിരിക്കുകയാണ്. അപ്പോള്‍ മുതല്‍ എട്ടുകാലിയുടെ മനസ്സില്‍ ഉയര്‍ന്ന ചോദ്യങ്ങളില്‍ ചിലതാണ് മുകളില്‍ ആദ്യം കൊടുത്തിരിക്കുന്നത്, ചിലപ്പോള്‍ ബാലിശമായിരിക്കാം, എന്നാലും ചോദ്യങ്ങള്‍ ചോദ്യങ്ങള്‍ തന്നെയാണല്ലോ.

നീക്കം ചെയ്യപ്പെട്ട അഭിപ്രായം താഴെ കൊടുക്കുന്നു

“ആഹാ ..ഇവിടെ എന്തൊക്കെയോ പഠിക്കാന്‍ ഉണ്ടെന്ന വിശ്വാസത്തില്‍ ആണ് എട്ടുകാലി ഇങ്ങോട്ട് വന്നത്, വന്നപ്പോള്‍ ഇവിടെ അടി. എന്താണ് കാര്യമെന്നറിയാനന്‍ പോസ്റ്റും കമെന്റ്സും വായിച്ചു പഠിച്ചു. എട്ടുകാലിക്കും ഉണ്ട് സംശയം

സന്ദീപിന്റെ ചോദ്യം കടം കൊള്ളുന്നു ആദ്യം, ശ്രീ ചന്തു മാഷ്‌ എന്ത് അര്‍ത്ഥത്തില്‍ ആണ് സിദ്ധീക്ക് മാഷിന്റെ ബ്ലോഗ്‌ ആ സന്ദര്‍ഭവുമായി ബന്ധപ്പെടുത്തിയത് എന്ന് എട്ടുകാലിക്കും പിടി കിട്ടിയില്ല, ഒരു കണ്ണില്‍ നോക്കിയാല്‍ മനസിലാവുന്നത് എഴുത്തിലും വ്യക്തി ജീവിതത്തിലും വൈവിധ്യം പുലര്‍ത്തുന്നവരില്‍‍ ഒരാള്‍ ആണ് സിദ്ധീക്ക് എന്ന് പറഞ്ഞത് പോലെ ആണ്.. അതാണോ ചന്തു മാഷ്‌ ഉദ്ദേശിച്ചത്? മാഷ്‌ പറഞ്ഞത് മനസിലാവാഞ്ഞിട്ടോ മുതിര്‍ന്ന ആളിനോടുള്ള ബഹുമാനം കൊണ്ടോ ശ്രീ സിദ്ധിക്കും ഒരു നന്ദി വാക്കില്‍ അത് ഒതുക്കി, ഹിഹി!

ഇനി രമേശ്‌ സാറിനോട് ഒരു ചോദ്യം താങ്കള്‍, ഒരാള്‍ തെറി പറഞ്ഞ് എന്ന് ആരോപിച്ച ഒരു മെയില്‍ ഇവിടെ പ്രദര്‍ശിപ്പിച്ചു, അതില്‍ തെറിയൊന്നും കണ്ടെത്താന്‍ എട്ടുകാലിക്ക് കഴിഞ്ഞില്ലാ അത് മാത്രവുമല്ല ഇങ്ങനെ സ്വകാര്യമായ മെയിലുകള്‍ പരസ്യമാക്കുന്നത് തെറ്റല്ലേ സാറേ. ഇനി സന്ദീപിന്റെ പ്രയോഗം നാളികേരകുല, അതിനെ വിശദീകരിച്ച് രമേശ്‌ സാര്‍ മലര്‍ന്നു കിടന്നു തുപ്പുകയായിരുന്നു എന്ന് എട്ടുകാലി പറഞ്ഞാല്‍..?

ഓ:ടോ-പുതിയ വല എങ്ങനെ നെയ്യാം എന്ന് പഠിക്കാന്‍ വന്നതാ, പക്ഷെ നിരാശയാ ഫലം :(”

ആത്മസംയമനവും സഹയെഴുത്തുകാരോട് കാണിക്കേണ്ട സാമാന്യമര്യാദയും മറ്റും കാറ്റില്‍ പറത്തിയാണ് ശ്രീ രമേഷ് അരൂരിന്റെ വാക്കുകള്‍ പെറുക്കിയെടുത്തുള്ള കളിയെന്ന് അദ്ദേഹത്തിന്റെ പ്രസ്തുത ബ്ലോഗ് പോസ്റ്റിലെ മറുപടികള്‍ വായിക്കുമ്പോള്‍ തോന്നിയാല്‍ വായനക്കാരെ കുറ്റം പറയാന്‍ പറ്റുമെന്ന് തോന്നുന്നില്ല.

ബ്ലോഗുകള്‍ വായിച്ച് സാമാന്യം സത്യസന്ധമായ് അഭിപ്രായം പറയുന്നവര്‍ തിരിച്ച് പ്രതീക്ഷിക്കുന്നതും സത്യസന്ധമായ അഭിപ്രായമാണെന്നിരിക്കെ, പക്ഷെ രമേഷ് അരൂറിന് നേരെ തിരിച്ചും. പ്രസ്തുത പോസ്റ്റിലെ ചില സംശയങ്ങള്‍ക്കും തെറ്റുകള്‍ക്കും ശ്രീ രമേഷ് അരൂരിന്റെ മറുപടികള്‍ ബാലിശത്തിലെന്നതിലുമുപരിയാണ്.

സ്വയം ശരിയെന്ന് വിശ്വസിക്കുന്നതിനോടൊപ്പം ആ വിശ്വാസം തെറ്റെന്ന് ആധികാരികമായ് തെളിയിക്കപ്പെടുമ്പോള്‍ അത് സ്വീകരിക്കണം എന്നതും അറിവിന് മുമ്പില്‍ പ്രായവും ലിംഗവും അഞ്ജാ(ത)നും ഒന്നും അളവുകോല്‍ അല്ല എന്നതുമാണ് എട്ടുകാലിക്ക് കൂട്ടിച്ചേര്‍ക്കാനുള്ളത്.

++++++++++++++++++++++++
*ചിത്രം ഇരിപ്പിടം @ E സ്കൂള്‍ ബ്ലോഗില്‍ നിന്നും.
++++++++++++++++++++++++

24 August 2011

03. ഉത്(ശ)വസീസണ്‍

ഈ ആഴ്ചയില്‍ വായനയിലൂടെ കണ്ണോടിച്ചപ്പോള്‍ ശ്രദ്ധിക്കപ്പെട്ടത്-

01. അണ്ണാ ഹസാരെ തകര്‍ക്കുന്നതിനിടയില്‍ “വെടിക്കെട്ടിനിടയില്‍ ഉടുക്ക് കൊട്ടിയ പോലെയായി ബാബാ രാംദേവിന്റേത്.” രാംദേവിനെപ്പറ്റി ഒരു വിവരവും ഇല്ലെന്നതില്‍ അതിശയം.

02. അണ്ണാഹസാരെയെ പ്രമുഖ എഴുത്തുകാരി ചോദ്യം(?) ചെയ്യുന്നു, കൂടെ യൂട്യൂബില്‍ ഒരു വീഡിയോയും പ്രത്യക്ഷപ്പെട്ടിരുന്നു, ഹസാരെയെപ്പറ്റി അദ്ദേഹത്തിന്റെ ആദ്യകാല സഹപ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍. പൊതുജനം കഴുതയാക്കപ്പെടാന്‍ ഇനിയും സമയമുണ്ടെന്നര്‍ത്ഥം. അതോ കഴുതയാകുന്നത്, മറ്റൊരു ജാസ്മിന്‍ വിപ്ലവം സ്വപ്നം കാണുന്ന കുത്തകകളോ? കാത്തിരിക്കാം.

03.ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിനോട് ഇന്ത്യ ഗംഭീരമായി തോറ്റു. സൗരവ് ഗാംഗുലിയ്ക്ക് സന്തോഷമുണ്ടാകുമോ എന്നറിയില്ല, എങ്കിലും അദ്ദേഹത്തിന്റെ ആരാധകര്‍ ഒരു പക്ഷേ സന്തോഷിക്കുന്നുണ്ടാവം, എന്തെന്നാല്‍, ഗാംഗുലിയുടെ അശ്രാന്തപരിശ്രമത്തിന്റെ ഫലം അനുഭവിച്ച മഹേന്ദ്രസിംഗ് ധോണി ഇനിയെങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കി നീങ്ങുമെന്നതില്‍(?).

04. വാണിഭങ്ങള്‍ പഴയ മുഖ്യമന്ത്രിയുടെ നാക്കിലെ ‘വികടസരസ്വതി’ പറഞ്ഞ പോലെ അത്യുന്നതങ്ങളിലേക്ക്. പത്രങ്ങള്‍ക്ക് ഉത്സവക്കാലം. പ്രവാസികള്‍ക്ക് വേണമെങ്കില്‍ ജോലി കളഞ്ഞ് മഞ്ഞപ്പത്രങ്ങളുടെ പ്രാദേശിക ലേഖകരാവാമെന്ന തൊഴില്‍ സാധ്യതയുമുണ്ട്.

05. ബ്ലോഗ് വായനയിലൂടെ കടന്ന് പോയപ്പോള്‍ കുറേ തൊഴുത്തില്‍ക്കുത്ത് കാണപ്പെട്ടു. ഇവിടെയും ഉത്സവസീസണ്‍ തന്നെ എന്നറിഞ്ഞതില്‍, വൈകിയെങ്കിലും സന്തോഷം. വായനയിലൂടെങ്കിലും ഒരു പങ്ക് പറ്റിയതിലൂടെ ‘അമ്പലപ്പുഴപ്പായസം’ കഴിച്ച പ്രതീതി.

തീരുന്നില്ല, തുടരുകയാണ്, ഭൂമി കറങ്ങല്ലേ, നമ്മള്‍ തല കറങ്ങി വീഴും വരെ..

++++++++++++++++++++++++
*ചിത്രം google-ല്‍ നിന്നും കടമെടുത്തത്.
++++++++++++++++++++++++

18 July 2010

02. രോദനം - ഒരു ദക്ഷിണാധുനിക കവിത


ഇന്നലെയും ഇന്നും
ബ്ലോഗ് അഗ്രിഗേറ്ററില്‍
മൌസിന്റെ വലത് ബട്ടണാല്‍
ചുംബനം,

അത് പിന്നെ

ബലാത്കാരമായ്
എന്നിലെ കോപത്താല്‍

പറയാം
കോപഹേതു,

ഇവിടെ ഉഴറി
വലയില്‍ നിറയെ
ഇരയും തേടി

ഊഞ്ഞാലാടി നോക്കിയപ്പോള്‍
പിന്തുടരുന്നു,
ഓരോ കൂതറ എഴുത്തിനും
ആണ്‍-പെണ്‍?
ലിംഗഭേദം എന്തിന്?

എന്തിനെന്നോ
എഴുത്തല്ല ആദ്യനമ്പര്‍

ലിംഗമാണ്,
മതമാണ്,

എല്ലാറ്റിനുമൊടുവില്‍
രാഷ്ട്രീയവും!

എട്ടുകാലിക്കെന്ത്
മതം
രാഷ്ട്രീയം..!

ഞാനിവിടെ ഒറ്റയ്ക്കിരിക്കാം
ഇരയെ പങ്കിടേണ്ട
സ്വസ്ഥം.

++++++++++++++++++++++++
*ചിത്രം google-ല്‍ നിന്നും കടമെടുത്തത്.
++++++++++++++++++++++++

11 July 2010

01. പെണ്ണേ, നിന്റെ ശത്രുവാര്?

കുറച്ച് നാള്‍ക്ക് മുമ്പേ ആണ്. ഒരു ബ്ലോഗര്‍ തന്റെ ബ്ലോഗില്‍, ഗള്‍ഫിലേക്ക് പെണ്‍കുട്ടികളെയടക്കം മധ്യവയസ്കയായ സ്ത്രീകളെ “house maid” എന്ന ഓമനപ്പേരില്‍ “മറ്റു”കാര്യങ്ങള്‍ക്ക് വേണ്ടി കടത്തുന്നതിനെതിരെ എഴുതിയ ആഴ്ചപ്പതിപ്പിന്റെ താളുകള്‍ പ്രദര്‍ശിപ്പിച്ചത് ഞാന്‍ വായിച്ചത്. അത് എഴുതിയത് അവര്‍ തന്നെയാണൊ എന്ന് ഞാന്‍ ചികഞ്ഞ് നോക്കിയില്ല. വായന ഒരു സുഖവും ഉണ്ടാക്കിയില്ല, കാരണം ആ ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി വേണം വായിക്കാന്‍.

എന്നിരുന്നാലും കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന (നടന്നു കൊണ്ടിരിക്കുന്നതും നടക്കാനിരിക്കുന്നതും എന്ന് പറയുന്നത് വളരെ മോശമാണ്, പക്ഷെ അത് സത്യമല്ലെ?) എല്ലാ അതിക്രമങ്ങള്‍ക്കും പിന്നില്‍, അതിന്റെ ആരംഭദശയില്‍ മറ്റൊരു സ്ത്രീ ഉള്‍പ്പെട്ടിട്ടുള്ളത് എല്ലാര്‍ക്കും അറിയാവുന്ന കാര്യമാണ്. അതാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നെലെ വൈരുദ്ധ്യവും. അധികാരികളും പണച്ചാക്കുകളും മാംസത്തിന് വില പേശി ഇത്തരം ആള്‍ക്കാരുടെ അടുത്തെത്തുന്നത് പിന്നീട് മാത്രമാണ്.

പറഞ്ഞു വരുന്നത് എന്തെന്നാല്‍, പെണ്ണെ, നിന്റെ ശത്രു വേറൊരു പെണ്ണ് തന്നെയാണ്. അതുകൊണ്ട് നീ സൂക്ഷിക്കുക, ആദ്യം പെണ്ണില്‍ നിന്നും ശേഷം പണവും അധികാരവും കൊണ്ട് നെയ്ത പുരുഷന്മാരുടെ വലയില്‍ നിന്നും.

++++++++++++++++++++++++
*ചിത്രം google-ല്‍ നിന്നും കടമെടുത്തത്.
++++++++++++++++++++++++

10 July 2010

00. ...ഒരാള്‍ കൂടെ ബൂലോകത്തിലേക്ക്!


നിങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍
ദേ, നുമ്മക്ക് യോഗ്യതയില്ല,
എങ്കിലും, നമ്മളും കൂടെ,
ഒന്നിച്ച് ഇരുത്തിയില്ലെങ്കിലും
പിറക് ബെഞ്ചിലെങ്കിലും.. :(

കയ്യാങ്കളിക്ക് നമ്മളില്ലായേ.. കൂയ്, ഇനിയിപ്പൊ എങ്ങാനം പാളി, കയ്യാങ്കളി കാര്യമായാല്‍, എട്ടുകാലിയുടെ കാലെല്ലാം തല്ലിയൊടിച്ചാലും ഈ എട്ടുകാലി എഴുതും, കയ്യ് ഒടിക്കുന്ന വരെ മാത്രമേ അതും ഉണ്ടാകുകയുള്ളു. സൂക്ഷിക്ഷിച്ചാല്‍ ദു:ഖിക്കേണ്ട, പറഞ്ഞിട്ടില്ല എന്ന് പറയരുത്, (അയ്യോ, അവസാനം പറഞ്ഞത് ആത്മഗതമാണെ) ഞാന്‍ പാവമാണേ, വെറും പാവം :(

അപ്പോ അനുഗ്രഹിച്ചാലും ബ്ലോഗിലെ വലിയ വലിയ ബ്ലോഗീശ്വര/ഈശ്വരിമാരെ..
തേങ്ങ നുമ്മ തരാമെന്നെ! ;)
സസ്നേഹം,
എട്ടുകാലി.

++++++++++++++++++++++++
*ചിത്രം google-ല്‍ നിന്നും കടമെടുത്തത്.
++++++++++++++++++++++++

Related Posts Plugin for WordPress, Blogger...