എട്ടുകാലിയുടെ കാലുകള്‍ തല്ലിയൊടിക്കും വരെ വല നെയ്യുന്നതായിരിക്കും..

Showing posts with label വ(ആ)ര്‍ത്ത(മാനം)‌‌. Show all posts
Showing posts with label വ(ആ)ര്‍ത്ത(മാനം)‌‌. Show all posts

19 September 2011

08. ചില പിന്തിരിപ്പന്‍ ‘മുന്തിരിപ്പന്‍’ ചിന്തകള്‍

01. എണ്ണവില കൂടി :- ഹസാരെ ഇഫക്റ്റ് കാരണം ജനം ചോദിക്കുന്നു എന്തേ ഹര്‍ത്താലിനു പകരം ഇടതുപക്ഷം നിരാഹാരം ഇരുന്നില്ല എണ്ണ വില കുറക്കാന്‍.

02. ഇറോം ശര്‍മ്മിള വര്‍ഷങ്ങളായ് നിരാഹാരത്തിലാണെന്ന് ഇടതുപക്ഷം ചോദിച്ചോ എന്നറിയില്ല.

03. ക്രിക്കറ്റില്‍ ഇന്ത്യ തോറ്റ് മടങ്ങിയത് വാര്‍ത്തയാകാന്‍ മാത്രം കാര്യമുണ്ടോ എന്ന് ചോദിക്കരുത്.

04. ഹോക്കി ചാമ്പ്യന്‍ഷിപ്പ് ജയിച്ച വാര്‍ത്ത ഒരു തദ്ദേശീയ ക്രിക്കറ്റ് മത്സരത്തിന്റെ പ്രാധാന്യം പോലും ഉണ്ടായോ എന്നും ചോദിക്കുന്നുണ്ടെന്ന് ആരോ പറഞ്ഞത് പോലെ.

05. കളി ജയിച്ച് വന്നപ്പോള്‍ ഹോക്കി കളിക്കാരന്റെ കൂരയ്ക്ക് ചുറ്റുമാണ് പത്രദൃശ്യമാധ്യമങ്ങള്‍, എന്തേ, അവര്‍ കളിക്കാന്‍ പോകുന്ന കാലത്തും ആ കൂര ഉണ്ടായിരുന്നില്ലേ എന്ന് ആരും ചോദിച്ച് പോകരുത്.

06. പാഴായ്പ്പോകുന്ന ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ക്കായ് ഫുഡ് ബാങ്ക് വരുന്നു. കയ്യിട്ട് വാരാന്‍ ഒരു കളരി, റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് വഴി കണ്ടെത്തിയതാണോ എന്ന് ചോദിക്കരുത്. നല്ലതെങ്കില്‍ നാലാള്‍ അറിയട്ടെ, അരവയര്‍ പോലും നിറയാത്തവരുടേത് ഒരു നേരമെങ്കിലും നിറയട്ടെ.

07. കേരള രാഷ്ട്രീയത്തില്‍ ഒരു നാറാണത്ത് ഭ്രാന്തന്റെ പിന്‍ഗാമി കൂടി.., പഴയ “മന്തിടം കാൽ വലം കാലേറ്റ് വാങ്ങി”യെന്ന് വാര്‍ത്ത..

08. വികസനത്തിന്റെ ആരാധ്യപുരുഷനെതിരെ പത്രങ്ങ(?)ള്‍ പടയോങ്ങുന്നു, ശ്രീമാന്‍ മോഡിയെ പേടിക്കുന്നതാരെന്ന് വ്യക്തമായോ എന്ന് ചോദിക്കാമോ? ചോദിക്കരുത്, പ്രശംസിച്ചവര്‍ തന്നെ വാളെടുക്കുന്ന കാലത്ത് “കമാ” എന്ന് മിണ്ടിപ്പോകരുത്.

09. അശ്ലീലം ശ്ലീലമുള്ളിടത്തോളം ഉണ്ടാകുമെന്നും അതിന്റെ വഴികള്‍ പലതും. ഹൈടെകിന്റെ ആദ്യവാക്കായ മൊബൈല്‍ ഫോണ്‍ അശ്ലീലങ്ങള്‍ വാര്‍ത്തയാകുന്നു ഇടത് വലത് മുന്നണികളില്‍.

10. ഓണത്തിന് പുട്ട് കച്ചവടം പോലെ പ്രകൃതിയും. വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ഭൂകമ്പം, മരണം 50 കഴിഞ്ഞുവെന്നും നാശനഷ്ടം ഇനിയും കണക്കാക്കിയില്ല എന്നും പത്രവാര്‍ത്ത. മാധ്യമങ്ങള്‍ക്ക് ഇതില്‍ നിന്നും വരുമാനമവും സര്‍ക്കുലേഷന്‍ വര്‍ദ്ധനവും ഇല്ലാത്തതിനാല്‍ വലിയ കോലാഹലം പ്രതീക്ഷിക്കരുത്. “‘ലൈവു’ കാണുവാനൊത്തതിന്നെന്റെ ഭാഗ്യം” മാത്രം ഉണ്ടോ എന്ന് നോക്കിയാല്‍ മതി.

അതിനിടെ ഭൂകമ്പബാധിത സമീപപ്രദേശത്തെ ജയിലില്‍ നിന്നും തടവുപുള്ളികള്‍ രക്ഷപ്പെടാനൊരുങ്ങി. നിയന്ത്രണാധീനം എന്ന് മാധ്യമങ്ങള്‍. ഭൂകമ്പം കാരണമുണ്ടായ പരിഭ്രാന്തി കൂടുതല്‍ അപായങ്ങള്‍ക്ക് ഹേതുവാകുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. വികസിത രാജ്യമെന്ന മുന്‍ഗണനയെങ്കിലും പ്രകൃതി ദുരന്തങ്ങളെ എങ്ങനെ സമചിത്തതയോടെ നേരിടുന്നു എന്ന ഒരു ചെറുവിവരണം ഇവിടെ വായിക്കാം.

++++++++++++++++++++++++
*ചിത്രം google-ല്‍ നിന്നും കടമെടുത്തത്.
++++++++++++++++++++++++

17 September 2011

06. ആനപ്പൊറത്തല്ലഡൊ, പൊരപ്രത്ത്.. #@%#$&!#+

കോമപ്പന്‍ :- “അല്ലപ്പീ, നിന്നെ ഇന്നലെ ഇവിടെങ്ങും കണ്ടില്ലല്ലോ..? ബ്ലോഗുലകത്തില്‍ ആരേലും.. ങെ?”

രാമപ്പന്‍ :- “ഗെഡ്യെ, കരിനാക്ക് വളക്കല്ല്ല്, ഒരാള് പോയാല് ഒരു കമന്റ്, അത്രേം ഹിറ്റുകള് പോം, അറിയാവോ..”

കോമപ്പന്‍ :- “എന്തുവാഡേ, ഈ ഹിറ്റ്, അടി കിട്ടാന്‍ അത്രോളം തെറി നീ എഴുതി വിടണ്ണ്ടല്ലേ, എങ്ങനെ സഹിക്കണ്..?”

രാമപ്പന്‍ :- “ന്റിഷ്ടാ, അതൊന്നും അല്ലാ, അതിപ്പ ബ്ലോഗ് സന്ദര്‍ശിക്കുമ്പ അവിടെ എണ്ണം കാണിക്കണ സംഭവമാ..”

കോമപ്പന്‍ :- “എന്തരോ കുന്തമാകട്ട്, ആട്ടെ- നീ ഇന്നലെ എവിടാരുന്നെടേയ്..?”

രാമപ്പന്‍ :-“ഇന്നലെ തോനെ പണിയാര്‍ന്ന്, തലസ്ഥാനത്തേയ്, അഞ്ചാറ് ബസ് കത്തിക്കല്, ഓട്ടോ, പിന്നെ കിട്ടിയതൊക്കേം.. മൊബീലി കൊറേ ചിത്രോം പിടിച്ച്, ഇത് വെച്ച് ഇന്നൊരലക്ക് അലക്കണം ബ്ലോഗില്..”

കോമപ്പന്‍ :-“തള്ളേ ദാ, കെടക്കണ്, ഇങ്ങനെ നീ കൊറേ കത്തിച്ചത് ബ്ലോഗ് പടച്ച് വിട്ടിട്ടില്ലേ കഴിഞ്ഞ വര്‍ഷോം? ആട്ടെ എന്താ സംഭവം?”

രാമപ്പന്‍ :-“ഇടത്തന്മാര്‍ടെ ഹര്‍ത്താലാര്‍ന്നേയ്..”

കോമപ്പന്‍ :-“അതെന്നെ, പക്ഷേ...ഏ.., നീ എപ്പ എടതനായത്?”

രാമപ്പന്‍ :-“അതിനിപ്പ സമയോം കാലോം വേണോ?”

കോമപ്പന്‍ :-“അല്ലടേയ്, ഭൂരിപക്ഷജനതയുടെ പ്രതിനിധികള് ഭരിക്കുമ്പ തീരുമാനം ഭൂരിപക്ഷത്തിന്റെതല്ലെ? പെട്രോള്‍ വില വര്‍ദ്ധന, കെ എസ് ആര്‍ ടി സീ സ്വകാര്യവല്‍ക്കരണം, സ്പെക്ട്രം കയ്യിട്ട് വാരല്‍.. ഇതിനൊക്കെ എതിരെ സമരം ചെയ്താല്‍ ജനാധിപത്യത്തിനെതിരല്ലെ? ശിക്ഷാര്‍ഹമല്ലേ?”

രാമപ്പന്‍ :-“കോപ്പ്, അങ്ങനല്ലാന്ന്, ഭരിക്കുന്നോനെ മുച്ചൂട് എതിര്‍ക്കുക, പെട്രോള് വെല വര്‍ദ്ധിച്ചാലും ക്രൂഡ് ഓയില് വെല ഇടിഞ്ഞാലും സമരം ചെയ്ത് നശിപ്പിക്കുക..”

കോമപ്പന്‍ :-“അതായത്, തെരഞ്ഞെടുപ്പിലൂടെ വന്നാലും മര്യാദക്ക് മോട്ടിക്കാന്‍ പോലും സമ്മതിക്കൂല്ലാന്ന്, അല്ലേ? എന്നിട്ട് എന്താണ് ഇതും വെച്ച് ബ്ലോഗ് കൃത്യങ്ങള്?”

രാമപ്പന്‍ :-“അതോ, കത്തണ ബസിന്റെം ജീപ്പിന്റെം പോട്ടം വെച്ച് ഹര്‍ത്താലിനെതിരെ പ്രതിഷേധിച്ച് ഒര് പോസ്റ്റിടണം, വെല വര്‍ദ്ധനേല് പ്രതിഷേധിച്ച് സര്‍ക്കാറിനെം നാല് ചീത്ത വിളിക്കണം, പത്തഞ്ഞൂറ് ഹിറ്റ് ഒറപ്പാ.. ജീവിക്കണ്ടേ..”

കോമപ്പന്‍ :-“അല്ലടേയ്, നെന്നെക്കൊണ്ട് നയാപ്പൈസക്ക് കൊണമില്ലാന്ന്..”

രാമപ്പന്‍ :-“ഹലോ, ആ.. എന്ത്? ആ പോസ്റ്റില് അക്ഷരത്തെറ്റോ? ആരാ കമന്റിയത്? ങെ, എട്ടുകാലിയോ.. അനോണിയല്ലേ, ആ കമന്റ് ഡിലീറ്റിയേക്കാം, ങെ.. വേറാരാ.. ആ ഞാന്‍ നോക്കട്ട്, ഇപ്പ പൊറത്താ, ആനപ്പൊറത്തല്ലൊഡോ, പൊരപ്രത്ത്.., ശരി ശരി.. ഓകെ.. #@%#$&!#+‌..”

“കോമപ്പാ, ശ്ശി തെരക്കാണേയ്, പിന്നെ കാണാട്ടാ..”

++
വാല്‍ക്കഷണം : ബ്ലോഗ് തുടങ്ങിയിട്ട് നയാപൈസക്ക് വകയില്ലെങ്കിലും “ജീവിക്കണ്ടേ” എന്ന് രാമപ്പന്‍ പറഞ്ഞതോര്‍ത്ത് കോമപ്പന്‍ ഉത്തരമില്ലാത്ത കടങ്കഥയ്ക്കുത്തരം തേടും പോലെ കുത്തിയിരിക്കുകയാണ്.. :-/

++++++++++++++++++++++++
*ചിത്രം google-ല്‍ നിന്നും കടമെടുത്തത്.
++++++++++++++++++++++++

24 August 2011

03. ഉത്(ശ)വസീസണ്‍

ഈ ആഴ്ചയില്‍ വായനയിലൂടെ കണ്ണോടിച്ചപ്പോള്‍ ശ്രദ്ധിക്കപ്പെട്ടത്-

01. അണ്ണാ ഹസാരെ തകര്‍ക്കുന്നതിനിടയില്‍ “വെടിക്കെട്ടിനിടയില്‍ ഉടുക്ക് കൊട്ടിയ പോലെയായി ബാബാ രാംദേവിന്റേത്.” രാംദേവിനെപ്പറ്റി ഒരു വിവരവും ഇല്ലെന്നതില്‍ അതിശയം.

02. അണ്ണാഹസാരെയെ പ്രമുഖ എഴുത്തുകാരി ചോദ്യം(?) ചെയ്യുന്നു, കൂടെ യൂട്യൂബില്‍ ഒരു വീഡിയോയും പ്രത്യക്ഷപ്പെട്ടിരുന്നു, ഹസാരെയെപ്പറ്റി അദ്ദേഹത്തിന്റെ ആദ്യകാല സഹപ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍. പൊതുജനം കഴുതയാക്കപ്പെടാന്‍ ഇനിയും സമയമുണ്ടെന്നര്‍ത്ഥം. അതോ കഴുതയാകുന്നത്, മറ്റൊരു ജാസ്മിന്‍ വിപ്ലവം സ്വപ്നം കാണുന്ന കുത്തകകളോ? കാത്തിരിക്കാം.

03.ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിനോട് ഇന്ത്യ ഗംഭീരമായി തോറ്റു. സൗരവ് ഗാംഗുലിയ്ക്ക് സന്തോഷമുണ്ടാകുമോ എന്നറിയില്ല, എങ്കിലും അദ്ദേഹത്തിന്റെ ആരാധകര്‍ ഒരു പക്ഷേ സന്തോഷിക്കുന്നുണ്ടാവം, എന്തെന്നാല്‍, ഗാംഗുലിയുടെ അശ്രാന്തപരിശ്രമത്തിന്റെ ഫലം അനുഭവിച്ച മഹേന്ദ്രസിംഗ് ധോണി ഇനിയെങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കി നീങ്ങുമെന്നതില്‍(?).

04. വാണിഭങ്ങള്‍ പഴയ മുഖ്യമന്ത്രിയുടെ നാക്കിലെ ‘വികടസരസ്വതി’ പറഞ്ഞ പോലെ അത്യുന്നതങ്ങളിലേക്ക്. പത്രങ്ങള്‍ക്ക് ഉത്സവക്കാലം. പ്രവാസികള്‍ക്ക് വേണമെങ്കില്‍ ജോലി കളഞ്ഞ് മഞ്ഞപ്പത്രങ്ങളുടെ പ്രാദേശിക ലേഖകരാവാമെന്ന തൊഴില്‍ സാധ്യതയുമുണ്ട്.

05. ബ്ലോഗ് വായനയിലൂടെ കടന്ന് പോയപ്പോള്‍ കുറേ തൊഴുത്തില്‍ക്കുത്ത് കാണപ്പെട്ടു. ഇവിടെയും ഉത്സവസീസണ്‍ തന്നെ എന്നറിഞ്ഞതില്‍, വൈകിയെങ്കിലും സന്തോഷം. വായനയിലൂടെങ്കിലും ഒരു പങ്ക് പറ്റിയതിലൂടെ ‘അമ്പലപ്പുഴപ്പായസം’ കഴിച്ച പ്രതീതി.

തീരുന്നില്ല, തുടരുകയാണ്, ഭൂമി കറങ്ങല്ലേ, നമ്മള്‍ തല കറങ്ങി വീഴും വരെ..

++++++++++++++++++++++++
*ചിത്രം google-ല്‍ നിന്നും കടമെടുത്തത്.
++++++++++++++++++++++++

Related Posts Plugin for WordPress, Blogger...