എട്ടുകാലിയുടെ കാലുകള്‍ തല്ലിയൊടിക്കും വരെ വല നെയ്യുന്നതായിരിക്കും..

22 September 2011

09. സന്യാസിയും എട്ടുകാലിയും - ഒരു മുഖാമുഖം.


സമരാനുഷ്ടാനകലയില്‍ നിപുണനായ സന്യാസി പ്രസിദ്ധനായത് ‘ലൈവ്-ഷോ’കളിലൂടെയായിരുന്നില്ല, മറിച്ച് അന്നൊരുനാള്‍ കലക്ട്രേറ്റ് പടിക്കല്‍ ‘എ സി’യാല്‍ കുളിര്‍മ്മ പടര്‍ത്തിയ പന്തലില്‍ നിരാഹാരസമരം തുടങ്ങി ആറാമത്തെ മണിക്കൂറില്‍ ശവാസനപരുവമായപ്പോള്‍ ഉള്‍ത്തടം ഉണര്‍ത്തിയ കൈകളാലൂന്നി അടുത്ത പെട്ടിക്കടയിലേക്ക് നിരങ്ങി പുട്ടും കടലയും അടിച്ചത് ചിത്രസഹിതം ഒരു മഞ്ഞപ്പത്രത്തില്‍ വന്നതോടെയാണ്. അന്ന് മുങ്ങിയ ആ മഹാനുഭാവന്‍ തൊട്ടടുത്ത ആഴ്ച പുതിയ രൂപഭാവങ്ങളോടെ പൊങ്ങിയത് ഒരു ബ്ലോഗ് മീറ്റിലായിരുന്നു.

ശേഷം സന്യാസിയുമായ് എട്ടുകാലി നടത്തിയ ഒരഭിമുഖം.

8കാലി : “ദന്തഗോപുരത്തില്‍ നിന്ന് താഴേക്ക് വീണ് നട്ടെല്ലുളുക്കിയത് പോലെയുണ്ടോ ഇപ്പോള്‍?”

സന്നി : “അങ്ങനെയൊന്നുമില്ലാ, ഇത്തിരി നീരുണ്ട്.. അതിപ്പോ..”

8കാലി : “നീരോ..?”

സന്നി : “ഉം, അന്ന് നാട്ടാര് പെരുമാറിയതിന്റെ..”

8കാലി : “എന്താ ഇവിടെ?”

സന്നി : “മീറ്റിലൊന്ന് കൂടി ‘ഈറ്റൊ’ന്ന് തരപ്പെടുത്താനും പിന്നെ എല്ലാവരെയും പരിചയപ്പെടാനും..”

8കാലി : “പഴയ പ്രക്ഷോഭപരിപാടികളെല്ലാം മതിയാക്കിയോ..?”

സന്നി : “ഉവ്വ്, തടി കേടാക്കാനില്ല, ചുമര് നാട്ടുകാര്‍ അടിച്ച് പൊളിച്ചാല്‍ ഞാനെങ്ങനെ ചിത്രം വരയ്ക്കും?”

8കാലി : “ഉം, ഇപ്പോഴത്തെ കര്‍മ്മമണ്ഡലം?”

സന്നി : “എഴുത്ത്”

8കാലി : “വ്യക്തമാക്കാമോ?”

സന്നി : “ഓ..”
“മുമ്പേ ഒരു ബ്ലോഗ് ഉണ്ടായിരുന്നെങ്കിലും പൊതുജനസമ്പര്‍ക്ക പരിപാടി കാരണം സമയത്തിന്റെ ലഭ്യതക്കുറവിനാല്‍ അതിലൊന്നും ക്രിയാത്മകമായ് ഇടപെടാന്‍ സാധിച്ചിരുന്നില്ല, ഈയിടെ എന്റെ ‘പുട്ടടിക്കല്‍’ വിവാദം  സൈബര്‍ ലോകത്ത് ചര്‍ച്ചാവിഷയമായിരുന്നു, ഒരു സുഹൃത്ത് വഴി അടുത്തകാലത്താണ് ഇക്കാര്യം അറിയാന്‍ കഴിഞ്ഞത്. വിവാദത്തിന് ശേഷം ഒരു മാധ്യമത്തിനു പോലും എന്റെ വിശദീകരണം കേള്‍ക്കാന്‍ ചെവിയുണ്ടായിരുന്നില്ല, എങ്കില്‍പ്പിന്നെ ബ്ലോഗ് ഒരു മാധ്യമമാക്കി എന്റെ ചിന്താധാര സൈബര്‍ ലോകത്തിലെങ്കിലും എത്തിക്കാം എന്ന ചിന്ത എഴുത്തിന്റെ ലോകത്തിലേക്ക് ഒരു തിരിച്ച് പോക്ക് ഉണ്ടാക്കി.”

8കാലി : “തിരിച്ച് പോക്ക് എന്ന് പറയുമ്പോള്‍..? അതൊന്ന് കൂടുതല്‍ വിശദീകരിക്കുന്നതില്‍..”

സന്നി : “വിശദമാക്കാം, ആദ്യകാലത്ത് ഞാന്‍ ഒന്നാം ക്ലാസ്സില്‍ വെച്ച് തന്നെ കവിതകള്‍ എഴുതുമായിരുന്നു. പിന്നീട് എഴുത്ത് നിര്‍ത്തുന്നത് ഒന്നാം ക്ലാസ്സില്‍ വെച്ച് അക്ഷരത്തെറ്റ് കാരണം ക്ലാസ് ടീച്ചര്‍ തോല്‍പ്പിച്ച് രണ്ടാം ക്ലാസിലേക്കുള്ള മാര്‍ഗ്ഗം തടഞ്ഞപ്പോഴായിരുന്നു.”

8കാലി : “ഒരു കവിത ചൊല്ലാമോ”

സന്നി : “എന്റെ ആദ്യകാലകവിതകളില്‍ എനിക്കേറ്റം ഇഷ്ടമായ ‘കണ്ണാന്തളിയും മണ്ണിരയും’ എന്ന കവിത കാതലായ അംശം മാറ്റാതെ ഇന്നത്തെ കാലത്തിനനുസരിച്ച് ഇത്തിരി  മാറ്റിയെഴുതിയത് ബ്ലോഗില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഞാനത് ഇവിടെ ചൊല്ലാം.”


കവിത : കണ്ണാന്തളിയും മണ്ണിരയും കാറ്റും*
രചന : സന്യാസി
ആലാപനം : സന്യാസി
സംഗീതം : സന്യാസി

"കണ്ണാടിനോട്ടത്തില്‍
കണ്ണീരുപ്പ് കലരാത്ത
കണ്ണുകള്‍, തന്‍കൈയ്യാല്‍
കണ്ണാന്തളി തലോടി..

മണ്ണിന്നടിയില്‍
മുനയൊടിയാ നോട്ടവും
മുഖമറിയാ മേദസ്സുമായ്
മണ്ണിര മനപ്പായസമുണ്ടു..

കാറ്റിന്റെ ചുവപ്പില്‍
കരിയിലയായ് അടര്‍ന്നു,
കണ്ണില്‍ കണ്ണീരുപ്പ്
കലര്‍ന്നറിയും മുമ്പേ കണ്ണാന്തളി..

മനപ്പായസമണ്ണിന്റെ മാറില്‍
മേദസ്സമര്‍ന്നലിഞ്ഞ്
മണ്‍കട്ടയായ് മണ്ണിര, ശേഷം
മണ്‍പൊടിയായ് മതം* പറന്നു കാറ്റില്‍..”

കാറ്റ്* = പദം പിന്നീട് കൂട്ടിച്ചേര്‍ത്തത്
മതം* = അഭിപ്രായം
+++

അടിമുടി മാറിയ 'സന്നി'(after eat).
- ഏതോ പോസ്റ്റിന് കമന്റാന്‍
വിക്കിപീഡിയ റെഫര്‍ ചെയ്യുന്നു.
8കാലി : “ഫന്റാസ്റ്റിക് & റിയലിസ്റ്റിക്.., കവിത ചിന്തയെ മഥിക്കുന്നു! ബൈ ദി വേ, എന്താണ് അര്‍ത്ഥമാക്കിയതെന്ന് വ്യക്തമാക്കാമോ?”

സന്നി : “ഫന്റാസ്റ്റിക് & റിയലിസ്റ്റിക് എന്നതിന്റെ അര്‍ത്ഥമാണോ..?”

8കാലി : “.... അത്... പിന്നെ..... ഈറ്റ് തുടങ്ങിയെന്ന് തോന്നുന്നു..”

സന്നി : “ഉവ്വ്..!”


++++++++++++++++++++++++
*ചിത്രങ്ങള്‍ google-ല്‍ നിന്നും കടമെടുത്തത്.
++++++++++++++++++++++++

19 September 2011

08. ചില പിന്തിരിപ്പന്‍ ‘മുന്തിരിപ്പന്‍’ ചിന്തകള്‍

01. എണ്ണവില കൂടി :- ഹസാരെ ഇഫക്റ്റ് കാരണം ജനം ചോദിക്കുന്നു എന്തേ ഹര്‍ത്താലിനു പകരം ഇടതുപക്ഷം നിരാഹാരം ഇരുന്നില്ല എണ്ണ വില കുറക്കാന്‍.

02. ഇറോം ശര്‍മ്മിള വര്‍ഷങ്ങളായ് നിരാഹാരത്തിലാണെന്ന് ഇടതുപക്ഷം ചോദിച്ചോ എന്നറിയില്ല.

03. ക്രിക്കറ്റില്‍ ഇന്ത്യ തോറ്റ് മടങ്ങിയത് വാര്‍ത്തയാകാന്‍ മാത്രം കാര്യമുണ്ടോ എന്ന് ചോദിക്കരുത്.

04. ഹോക്കി ചാമ്പ്യന്‍ഷിപ്പ് ജയിച്ച വാര്‍ത്ത ഒരു തദ്ദേശീയ ക്രിക്കറ്റ് മത്സരത്തിന്റെ പ്രാധാന്യം പോലും ഉണ്ടായോ എന്നും ചോദിക്കുന്നുണ്ടെന്ന് ആരോ പറഞ്ഞത് പോലെ.

05. കളി ജയിച്ച് വന്നപ്പോള്‍ ഹോക്കി കളിക്കാരന്റെ കൂരയ്ക്ക് ചുറ്റുമാണ് പത്രദൃശ്യമാധ്യമങ്ങള്‍, എന്തേ, അവര്‍ കളിക്കാന്‍ പോകുന്ന കാലത്തും ആ കൂര ഉണ്ടായിരുന്നില്ലേ എന്ന് ആരും ചോദിച്ച് പോകരുത്.

06. പാഴായ്പ്പോകുന്ന ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ക്കായ് ഫുഡ് ബാങ്ക് വരുന്നു. കയ്യിട്ട് വാരാന്‍ ഒരു കളരി, റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് വഴി കണ്ടെത്തിയതാണോ എന്ന് ചോദിക്കരുത്. നല്ലതെങ്കില്‍ നാലാള്‍ അറിയട്ടെ, അരവയര്‍ പോലും നിറയാത്തവരുടേത് ഒരു നേരമെങ്കിലും നിറയട്ടെ.

07. കേരള രാഷ്ട്രീയത്തില്‍ ഒരു നാറാണത്ത് ഭ്രാന്തന്റെ പിന്‍ഗാമി കൂടി.., പഴയ “മന്തിടം കാൽ വലം കാലേറ്റ് വാങ്ങി”യെന്ന് വാര്‍ത്ത..

08. വികസനത്തിന്റെ ആരാധ്യപുരുഷനെതിരെ പത്രങ്ങ(?)ള്‍ പടയോങ്ങുന്നു, ശ്രീമാന്‍ മോഡിയെ പേടിക്കുന്നതാരെന്ന് വ്യക്തമായോ എന്ന് ചോദിക്കാമോ? ചോദിക്കരുത്, പ്രശംസിച്ചവര്‍ തന്നെ വാളെടുക്കുന്ന കാലത്ത് “കമാ” എന്ന് മിണ്ടിപ്പോകരുത്.

09. അശ്ലീലം ശ്ലീലമുള്ളിടത്തോളം ഉണ്ടാകുമെന്നും അതിന്റെ വഴികള്‍ പലതും. ഹൈടെകിന്റെ ആദ്യവാക്കായ മൊബൈല്‍ ഫോണ്‍ അശ്ലീലങ്ങള്‍ വാര്‍ത്തയാകുന്നു ഇടത് വലത് മുന്നണികളില്‍.

10. ഓണത്തിന് പുട്ട് കച്ചവടം പോലെ പ്രകൃതിയും. വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ഭൂകമ്പം, മരണം 50 കഴിഞ്ഞുവെന്നും നാശനഷ്ടം ഇനിയും കണക്കാക്കിയില്ല എന്നും പത്രവാര്‍ത്ത. മാധ്യമങ്ങള്‍ക്ക് ഇതില്‍ നിന്നും വരുമാനമവും സര്‍ക്കുലേഷന്‍ വര്‍ദ്ധനവും ഇല്ലാത്തതിനാല്‍ വലിയ കോലാഹലം പ്രതീക്ഷിക്കരുത്. “‘ലൈവു’ കാണുവാനൊത്തതിന്നെന്റെ ഭാഗ്യം” മാത്രം ഉണ്ടോ എന്ന് നോക്കിയാല്‍ മതി.

അതിനിടെ ഭൂകമ്പബാധിത സമീപപ്രദേശത്തെ ജയിലില്‍ നിന്നും തടവുപുള്ളികള്‍ രക്ഷപ്പെടാനൊരുങ്ങി. നിയന്ത്രണാധീനം എന്ന് മാധ്യമങ്ങള്‍. ഭൂകമ്പം കാരണമുണ്ടായ പരിഭ്രാന്തി കൂടുതല്‍ അപായങ്ങള്‍ക്ക് ഹേതുവാകുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. വികസിത രാജ്യമെന്ന മുന്‍ഗണനയെങ്കിലും പ്രകൃതി ദുരന്തങ്ങളെ എങ്ങനെ സമചിത്തതയോടെ നേരിടുന്നു എന്ന ഒരു ചെറുവിവരണം ഇവിടെ വായിക്കാം.

++++++++++++++++++++++++
*ചിത്രം google-ല്‍ നിന്നും കടമെടുത്തത്.
++++++++++++++++++++++++

18 September 2011

07. ഒരു അനോണി ബ്ലോഗ് വിക്കി ലീക്സ്

കോമപ്പന്‍ :-“എഡേയ്, ബ്ലോഗില് പരതിയിട്ട് എള്ളോളം തള്ളേ, നെന്നെം നെന്റെ പോട്ടോം കണ്ടില്ലല്ല്, അതെന്തര്?”

രാമപ്പന്‍ :-“ഹ്ഹ്ഹ്, ഉവ്വുവ്വേ.. ദിത്തിരി പുളിക്കുമേ.. നുമ്മ അനോണിയാ കോപ്പെ, പിന്നെങ്ങനെ കാണാനാ?”
"അതേയ്, താനെപ്പ ബ്ലോഗ് തുടങ്ങി, ങ്ഹേ..??”

കോമപ്പന്‍ :-“അതൊന്നുമില്ലപ്പീ, തോനെ സമയങ്ങള് ആപ്പീസില്‍ ഇരുന്നപ്പ.. അപ്പ നെറ്റിലൂടെ കയറി നോക്കിയതാണെഡേയ്”

രാമപ്പന്‍ :-“ആപ്പീസ് താന്‍ പൂട്ടിക്കും അല്ലേ.. ങ് ഹ്!”

കോമപ്പന്‍ :-“ഇല്ലഡേയ്, അതിരിക്കട്ട്, ഞാനൊന്ന് പറഞ്ഞാല് പിള്ളേ താന്‍ കോവിക്കല്ല്..”

രാമപ്പന്‍ :-“ന്റെ ഗെഡ്യേ, ഇല്ലെന്ന്, ന്തൂട്ടാന്ന്ച്ചാ വേം ചൊല്ലിത്തൊലയ്..”

കോമപ്പന്‍ :-“അല്ലെഡേയ്, അനോണിയെന്ന് വെച്ചാല്, എന്റെ ഒരു നോട്ടത്തില് താനൊക്കെ വ്യാജനല്ലെ? മറ്റേ വിലാസിനീം, ആഷാ മേനവനും, ഉറൂബും, മേരി ആന്‍ ഇവാന്‍സും, അജ്ഞേയും ജരാസന്ധനും കല്‍ക്കീം സഞ്ജയനും ഏകലവ്യനും കോവിലനും ഇന്‍ക്വിലാബും ഒക്കെം വ്യാജിയും വ്യാജനുമല്ലെ?”

രാമപ്പന്‍ :- “ഡോ കോപ്പെ, പരട്ടെ..”

കോമപ്പന്‍ :- “അണ്ണാ, കോവിക്കല്ലെന്ന് ആദ്യമേ പറഞ്ഞ്.. :( ”

രാമപ്പന്‍ :“ങ്ഹാ, ഐ ആം ദി സോറി, എഡോ മ മ മ മരത്തലയാ, വെല്ല്യ വെല്ല്യ സാഹിത്യകാരന്മാരെ വ്യാജനെന്ന് പറഞ്ഞപ്പോ ക്ഷോഭിച്ചതാ..!”

കോമപ്പന്‍ :-“അണ്ണന്‍ വികാരിയാവല്ല്..”

രാമപ്പന്‍ :-“ഉം, ശരി, പക്ഷേ ഇനി ഞാന്‍ പറേണത് മണ്ടേലോട്ട് കേറ്റിക്കോണം, ഏറ്റോ?”

കോമപ്പന്‍ :“ഏറ്റു”

രാമപ്പന്‍ :-“ബ്ലോഗര്‍ എന്നതിലുപരി വ്യക്തിപരമായി ആരെയും എനിക്ക് അറിയില്ല. അതിനാല്‍, പേരും ഫോട്ടോയും സ്വന്തം തന്നെ എന്ന് "പറയാതെ പറയുന്ന" അത്തരം അറിയാത്ത ആള്‍ക്കാര്‍ എന്നെ സംബന്ധിച്ച് അനോണിയും കൂടെ വ്യാജനും തന്നെയാണ് എന്ന് പറഞ്ഞാല്‍ താന്‍ അനുകൂലിക്കുന്നുവോ ഇല്ലയോ?”

കോമപ്പന്‍ :-“എന്ന് ച്ചാ.., എന്നാലും പോട്ടം അവനോന്റെന്ന്യാവും..”

രാമപ്പന്‍ :-“എന്താ അതില്‍ ഉറപ്പ് മരത്തലയാ? തനിക്കവര്‍ വല്ല സാക്ഷ്യപത്രോം തന്നിട്ടുണ്ടോഡോ കോപ്പെ, പോട്ടം അവനോന്റെ ആണെന്ന്? പേര് സ്വന്തം പേരാന്ന്? ങ് ഹെ”

കോമപ്പന്‍ :“അത്.. പിന്നെ..”

രാമപ്പന്‍ :-“ജബ ജബയല്ല മരത്തലയാ.. ഇനി പറയണ കാര്യം വളരെ ശ്രദ്ധിക്കണം.. ഓകെവാ”

കോമപ്പന്‍ :-“ഐവാ ഐവാ..”

രാമപ്പന്‍ :-“ഉം, കേള്‍ക്ക്.., ബ്ലോഗില്‍ പേരും ഫോട്ടോയും അവനവന്റേതെന്ന് എനിക്ക് തെളിയാത്തിടത്തോളം എല്ലാവരും എനിക്ക് അനോണികള്‍ തന്നെയാണ്. അനോണിയല്ലാ വ്യാജനല്ലാ എന്ന് തര്‍ക്കിക്കാനാണ് ഉദ്ദേശ്യമെങ്കില്‍ ഇനി പറയുന്ന ഏഴിന പരിപാടി അവരുടെ എല്ലാവരുടെയും ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കേണ്ടതാവുന്നു..”

01. ജനന സര്‍ട്ടിഫിക്കറ്റ് (ആണ്‍, പെണ്‍, ജാതി, അംശം, ദേശം)
02. മരണസര്‍ട്ടിഫിക്കറ്റ് (ഉണ്ടെങ്കി)
03. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് (ഉണ്ടെങ്കി)
04. റേഷന്‍ കാര്‍ഡ് (ഈ സാധനം കൊണ്ട് ഒരു കാര്യോം ഇല്ലാത്തതിനാല്‍ വ്യാജന്‍ ഉണ്ടാവില്ലെന്നുറപ്പിക്കാം, വിശ്വസിക്കാം)
05. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് (നിര്‍ബന്ധമില്ല‍, അത് നോക്കി തിരിച്ചറിയാന്‍ പറ്റുമെന്ന ഉറപ്പില്ലാത്തതിനാല്‍‍)
06. സ്ഥിരതാമസം തെളിയിക്കണ സര്‍ട്ടിഫിക്കറ്റ് (വില്ലേജ് ആപ്പീസര്‍ സാക്ഷ്യപ്പെടുത്തിയത്, ബ്ലോഗര്‍ വില്ലേജ്മാന്‍ വകയല്ലാട്ടോ, തെറ്റരുത്!)
07. പൂര്‍ണ്ണകായ ഫോട്ടോ ഒന്ന് A4 സൈസില്‍ (വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം പുതുക്കേണ്ടതാവുന്നു)

കോമപ്പന്‍ :-“...., ........., :| ”

രാമപ്പന്‍ :-“കോപ്പെ, നെന്റെ നാക്ക് അണ്ണാക്കിലോട്ട് പോയാ?”

കോമപ്പന്‍ :-“ഹലോ, ആരാ.. മഴയോ, ഇല്ലില്ലാ.. ങെ, പെയ്തൂന്നോ?? യ്യോ..”

രാമപ്പന്‍ :-“ :-o ”

കോമപ്പന്‍ :-“അണ്ണാ, ഇത്തിരി ഒതളങ്ങ ഒണാക്കാനിട്ടിട്ടൊണ്ട്, വാരി വെച്ചില്ലേല് മഴ നനയും.. പിന്നെ കാണാം, ഞാന്‍ പോയീ..”

രാമപ്പന്‍ :-“ചെല്ല് ചെല്ല്, ചെന്ന് വാരി പുഴുങ്ങി തിന്ന്.. നെനക്കൊക്കെ അതെന്നെഡോ നല്ലത്..!”

++++++++++
വിലാസിനി : എം കെ മേനോന്‍
ആഷാ മേനോന്‍ : കെ ശ്രീകുമാര്‍
ഉറൂബ് : പി സി കുട്ടിക്കൃഷ്ണന്‍
മേരി ആന്‍ ഇവാന്‍സ് : ജോര്‍ജ് എലിയട്ട്
അജ്ഞേയ് : എസ് എച്ച് വാത്സ്യായന്‍
ജരാസന്ധന്‍ : ചാരുചന്ദ്രചക്രവര്‍ത്തി
കല്‍ക്കി : ആര്‍ കൃഷ്ണമൂര്‍ത്തി
ഏകലവ്യന്‍ : കെ എം മാത്യൂസ്
സഞ്ജയന്‍ : എം ആര്‍ നായര്‍
കോവിലന്‍ : വി വി അയ്യപ്പന്‍
ഇന്‍ക്വിലാബ് : ഷാഹുല്‍ഹമീദ്

ബഹു: മുകളില്‍ പ്രതിപാദിച്ചവരെ വ്യാജനെന്ന് പറയേണ്ടി വന്നതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. സംഭവാമി യുഗേ യുഗേ എന്ന് കരുതി ക്ഷമിക്കുമല്ലോ.

++++++++++++++++++++++++
*ചിത്രം google-ല്‍ നിന്നും കടമെടുത്തത്.
++++++++++++++++++++++++

17 September 2011

06. ആനപ്പൊറത്തല്ലഡൊ, പൊരപ്രത്ത്.. #@%#$&!#+

കോമപ്പന്‍ :- “അല്ലപ്പീ, നിന്നെ ഇന്നലെ ഇവിടെങ്ങും കണ്ടില്ലല്ലോ..? ബ്ലോഗുലകത്തില്‍ ആരേലും.. ങെ?”

രാമപ്പന്‍ :- “ഗെഡ്യെ, കരിനാക്ക് വളക്കല്ല്ല്, ഒരാള് പോയാല് ഒരു കമന്റ്, അത്രേം ഹിറ്റുകള് പോം, അറിയാവോ..”

കോമപ്പന്‍ :- “എന്തുവാഡേ, ഈ ഹിറ്റ്, അടി കിട്ടാന്‍ അത്രോളം തെറി നീ എഴുതി വിടണ്ണ്ടല്ലേ, എങ്ങനെ സഹിക്കണ്..?”

രാമപ്പന്‍ :- “ന്റിഷ്ടാ, അതൊന്നും അല്ലാ, അതിപ്പ ബ്ലോഗ് സന്ദര്‍ശിക്കുമ്പ അവിടെ എണ്ണം കാണിക്കണ സംഭവമാ..”

കോമപ്പന്‍ :- “എന്തരോ കുന്തമാകട്ട്, ആട്ടെ- നീ ഇന്നലെ എവിടാരുന്നെടേയ്..?”

രാമപ്പന്‍ :-“ഇന്നലെ തോനെ പണിയാര്‍ന്ന്, തലസ്ഥാനത്തേയ്, അഞ്ചാറ് ബസ് കത്തിക്കല്, ഓട്ടോ, പിന്നെ കിട്ടിയതൊക്കേം.. മൊബീലി കൊറേ ചിത്രോം പിടിച്ച്, ഇത് വെച്ച് ഇന്നൊരലക്ക് അലക്കണം ബ്ലോഗില്..”

കോമപ്പന്‍ :-“തള്ളേ ദാ, കെടക്കണ്, ഇങ്ങനെ നീ കൊറേ കത്തിച്ചത് ബ്ലോഗ് പടച്ച് വിട്ടിട്ടില്ലേ കഴിഞ്ഞ വര്‍ഷോം? ആട്ടെ എന്താ സംഭവം?”

രാമപ്പന്‍ :-“ഇടത്തന്മാര്‍ടെ ഹര്‍ത്താലാര്‍ന്നേയ്..”

കോമപ്പന്‍ :-“അതെന്നെ, പക്ഷേ...ഏ.., നീ എപ്പ എടതനായത്?”

രാമപ്പന്‍ :-“അതിനിപ്പ സമയോം കാലോം വേണോ?”

കോമപ്പന്‍ :-“അല്ലടേയ്, ഭൂരിപക്ഷജനതയുടെ പ്രതിനിധികള് ഭരിക്കുമ്പ തീരുമാനം ഭൂരിപക്ഷത്തിന്റെതല്ലെ? പെട്രോള്‍ വില വര്‍ദ്ധന, കെ എസ് ആര്‍ ടി സീ സ്വകാര്യവല്‍ക്കരണം, സ്പെക്ട്രം കയ്യിട്ട് വാരല്‍.. ഇതിനൊക്കെ എതിരെ സമരം ചെയ്താല്‍ ജനാധിപത്യത്തിനെതിരല്ലെ? ശിക്ഷാര്‍ഹമല്ലേ?”

രാമപ്പന്‍ :-“കോപ്പ്, അങ്ങനല്ലാന്ന്, ഭരിക്കുന്നോനെ മുച്ചൂട് എതിര്‍ക്കുക, പെട്രോള് വെല വര്‍ദ്ധിച്ചാലും ക്രൂഡ് ഓയില് വെല ഇടിഞ്ഞാലും സമരം ചെയ്ത് നശിപ്പിക്കുക..”

കോമപ്പന്‍ :-“അതായത്, തെരഞ്ഞെടുപ്പിലൂടെ വന്നാലും മര്യാദക്ക് മോട്ടിക്കാന്‍ പോലും സമ്മതിക്കൂല്ലാന്ന്, അല്ലേ? എന്നിട്ട് എന്താണ് ഇതും വെച്ച് ബ്ലോഗ് കൃത്യങ്ങള്?”

രാമപ്പന്‍ :-“അതോ, കത്തണ ബസിന്റെം ജീപ്പിന്റെം പോട്ടം വെച്ച് ഹര്‍ത്താലിനെതിരെ പ്രതിഷേധിച്ച് ഒര് പോസ്റ്റിടണം, വെല വര്‍ദ്ധനേല് പ്രതിഷേധിച്ച് സര്‍ക്കാറിനെം നാല് ചീത്ത വിളിക്കണം, പത്തഞ്ഞൂറ് ഹിറ്റ് ഒറപ്പാ.. ജീവിക്കണ്ടേ..”

കോമപ്പന്‍ :-“അല്ലടേയ്, നെന്നെക്കൊണ്ട് നയാപ്പൈസക്ക് കൊണമില്ലാന്ന്..”

രാമപ്പന്‍ :-“ഹലോ, ആ.. എന്ത്? ആ പോസ്റ്റില് അക്ഷരത്തെറ്റോ? ആരാ കമന്റിയത്? ങെ, എട്ടുകാലിയോ.. അനോണിയല്ലേ, ആ കമന്റ് ഡിലീറ്റിയേക്കാം, ങെ.. വേറാരാ.. ആ ഞാന്‍ നോക്കട്ട്, ഇപ്പ പൊറത്താ, ആനപ്പൊറത്തല്ലൊഡോ, പൊരപ്രത്ത്.., ശരി ശരി.. ഓകെ.. #@%#$&!#+‌..”

“കോമപ്പാ, ശ്ശി തെരക്കാണേയ്, പിന്നെ കാണാട്ടാ..”

++
വാല്‍ക്കഷണം : ബ്ലോഗ് തുടങ്ങിയിട്ട് നയാപൈസക്ക് വകയില്ലെങ്കിലും “ജീവിക്കണ്ടേ” എന്ന് രാമപ്പന്‍ പറഞ്ഞതോര്‍ത്ത് കോമപ്പന്‍ ഉത്തരമില്ലാത്ത കടങ്കഥയ്ക്കുത്തരം തേടും പോലെ കുത്തിയിരിക്കുകയാണ്.. :-/

++++++++++++++++++++++++
*ചിത്രം google-ല്‍ നിന്നും കടമെടുത്തത്.
++++++++++++++++++++++++

14 September 2011

05. ചുമട് താങ്ങി

കോമപ്പന്‍ :- “എന്തരഡേയ് സ്കഡ് മിസൈല് പോലെ പായണ്..”

രാമപ്പന്‍ :- “ഈ ഗെഡിക്ക് ഒരൂട്ടോം അറിയൂല്ലാ, പോയിട്ട് വേണ്ഷ്ടാ ബ്ലോഗൊക്കെ നോക്കി, അഭിപ്രായംസ് വായിച്ച്, ചാറ്റില് വരണവന്റെയും ബ്ലഡി കമന്റ് എഴുതിയവന്റെം തന്തയ്ക് വിളിക്കാന്‍..”

കോമപ്പന്‍ :- “എന്തുവാഡേ, നിനക്കൊക്കെ വല്ല സീരിയല് കള് കണ്ടിരുന്നാ പോരേ..”

രാമപ്പന്‍ :- “ന്റിഷ്ടാ, ഇത്രേം ത്രില്ല് വേറെവ്ടെം കിട്ടില്ലിഷ്ടാ.. വിട്, വിട്, ഞാന്‍ പോട്ട്..”

++
വാല്‍ക്കഷണം : ഇപ്പറഞ്ഞേല് കോമപ്പനും രാമപ്പനും ഒരു വര്‍ഗ്ഗീയ വികാരവും അഴിച്ച് വിട്ടിട്ടില്ലാ, ഈ പോസ്റ്റില്‍ യാതൊരു വിധ വര്‍ഗ്ഗീയപ്രീണനവും ഇല്ലാ.. സത്യമായിട്ടും..!!

++++++++++++++++++++++++
*ചിത്രം google-ല്‍ നിന്നും കടമെടുത്തത്.
++++++++++++++++++++++++

Related Posts Plugin for WordPress, Blogger...